ഫുട്ബോൾ മൈതാനങ്ങളിൽ മാത്രമല്ല ജീവിതത്തിലും അത്ഭുതമായി മാറുന്ന താരമാണ് സൂപ്പർതാരം ലയണൽ മെസി. മെസി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യസംഘടനയിലൂടെ ആഫ്രിക്കയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി മാറിയിരിക്കുകയാണ് ലയണൽ മെസി. ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ കുരുന്നുകൾക്ക് സ്കൂളുകളിൽ പ്രഭാതഭക്ഷണം വിതരണം ചെയ്തുകൊണ്ടാണ് മെസി ഫൗണ്ടേഷൻ മുന്നോട്ടുവന്നിരിക്കുന്നത്.
ഏകദേശം പതിനയ്യായിരത്തിലധികം കുരുന്നുകൾക്ക് പ്രഭാതഭക്ഷണം അവരുടെ സ്കൂളിൽ ലഭിക്കാനുള്ള സാഹചര്യമാണ് മെസി ഫൌണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. ആഫ്രിക്കയിലെ ഗാസ പ്രവിശ്യയിലെ 30ലധികം സ്കൂളുകളിലെ കുരുന്നുകൾക്കാണ് പോഷകാഹാരക്കുറവിനെ ഇല്ലാതാക്കാനായുള്ള ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ആഫ്രിക്കയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള അര്ജന്റീനക്കാരനായിട്ടുള്ള യുവാൻ ഗബ്രിയേൽ അരിയാസെന്ന ഫാദറുമായി സഹകരിച്ചാണ് ഇങ്ങനെയൊരു പ്രൊജക്റ്റ് ആവിഷ്കരിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നടന്നു സ്കൂളിലെത്തുന്ന കുരുന്നുകൾക്ക് കിട്ടുന്ന പ്രഭാതഭക്ഷണം സ്കൂളുകളിലെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഗുണ്ട്സേ എന്ന പ്രദേശത്താണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമപ്രദേശമായ അവിടത്തെ ആകെ ജനസംഖ്യയുടെ 1 ശതമാനത്തിനു മാത്രമേ ശുദ്ധജലവും വൈദ്യുതിയുമെല്ലാം ലഭിക്കുന്നുള്ളു. ഒപ്പം 40% കുട്ടികളും ഇവിടെ പോഷകവൈകല്യം മൂലം ബുദ്ദിമുട്ടനുഭവിക്കുന്നുണ്ട്. അവിടേക്കാണ് മെസിയുടെ സഹായഹസ്തങ്ങളെത്തിയിരിക്കുന്നത്. ഇവിടെ ആദ്യമായാണ് കുട്ടികൾക്ക് സ്കൂളുകളിൽ പ്രഭാതഭക്ഷണമെന്ന സംവിധാനം നിലവിൽ വരുന്നത്. ഇതിനൊപ്പം വേനൽകാലത്ത് ധാരാളം ജലമടങ്ങിയതും മഞ്ഞുകാലത്തു ചൂടോടെയും ഫുഡ് സപ്പ്ളിമെന്റുകളും ലഭിച്ചേക്കും.