റയൽ മാഡ്രിഡ് മിഡ്ഫീൽഡിലെ പ്രായം തളർത്താത്ത പോരാളി : ലൂക്ക മോഡ്രിച്ച് |Luka Modric

റയൽ മാഡ്രിഡിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് 37 കാരനായ ക്രോയേഷ്യൻ മിഡ്ഫീൽഡ് മാസ്റ്റർ ലൂക്ക മോഡ്രിച്. കഴിഞ്ഞ 10 വർഷത്തിനിടെ റയൽ മാഡ്രിഡ് നേടിയ എല്ലാ വിജയങ്ങളിലും ഈ മിഡ്ഫീൽഡർ മാസ്റ്ററുടെ പങ്ക് വിവരിക്കാവുന്നതിൽ അപ്പുറമാണ്. ഈ പ്രായത്തിലും ക്ലബിന് വേണ്ടിയും ദേശീയ ടീമിന് വേണ്ടിയും മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന താരം കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒരേ ഫോമിൽ തന്നെയാണ് കളിക്കുന്നത്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെയുള്ള പ്രകടനം പരിശോധിച്ചു നോക്കിയാൽ എന്ത് കൊണ്ടാണ് താരത്തിനെ പ്രായം തളർത്താത്ത പോരാളി എന്ന് വിളിക്കുന്ന്തെന്ന് മനസ്സിലാക്കാൻ സാധിക്കും. തന്റെ സാധാരണ മിഡ്ഫീൽഡ് കൂട്ടാളികളായ ടോണി ക്രൂസും ചുവമേനിയും ഇല്ലാതെ പോലും ക്രൊയേഷ്യൻ മാസ്ട്രോ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.ലിവർപൂളിനെതിരെ 5-2ന് വിജയിച്ചതിന് പിന്നാലെ ലൂക്കാ മോഡ്രിച്ചിന് ആൻഫീൽഡിനുള്ളിലെ ലിവർപൂൾ ആരാധകരുടെ കൈയ്യടി നേടുകയും ചെയ്തു.

ആദ്യ പതിനഞ്ച മിനുട്ടിൽ ഡാർവിൻ നൂനെസിന്റെയും മുഹമ്മദ് സലായുടെയും ഗോളുകൾക്ക് പിറകിലായ റയൽ മാഡ്രിഡിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ വെറ്ററൻ മിഡ്ഫീൽഡർ വലിയ പങ്കാണ് വഹിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ വിനിഷ്യസിന്റെ ഇരട്ട ഗോളുകളിൽ റയൽ മാഡ്രിഡ് സമനില നേടി.ഹാഫ്ടൈം കഴിഞ്ഞ് രണ്ട് മിനിറ്റിന് ശേഷം ലൂക്കാ മോഡ്രിച്ചിന്റെ ബിദ്ധിപൂർവമായ ഫ്രീ കിക്കിൽ നിന്നും മിലിറ്റാവോ ഹെഡ് ചെയ്തപ്പോൾ മാഡ്രിഡ് ലീഡ് നേടി.

കരിം ബെൻസെമ രണ്ട് ഗോളുകൾ നേടിയപ്പോൾ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കി. മത്സരത്തിന്റെ 87 ആം മിനുട്ടിൽ മോഡ്രിച്ചിന് പകരക്കാരനായി ക്രൂസ് ഇറങ്ങിയപ്പോൾ ആൻഫീൽഡിലെ ലിവർപൂൾ ക്രൊയേഷ്യ ഇന്റർനാഷണലിന്റെ പേര് ഉറക്കെ പറഞ്ഞ് കയ്യടിച്ചുകൊണ്ട് അഭിനന്ദിക്കുകയും ചെയ്തു.റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് നിയന്ത്രിക്കുന്നത് ഇപ്പോഴും ഈ 37 കാരൻ തന്നെയാണ്.

ഫെഡെ വാൽവെർഡെ അല്ലെങ്കിൽ എഡ്വാർഡോ കാമാ വിംഗ പോലുള്ള കഴിവുള്ള ചെറുപ്പക്കാർ ഉയർന്നുവന്നിട്ടും ടീമിലെ തർക്കമില്ലാത്ത സ്റ്റാർട്ടറാണ് മോഡ്രിച്. 37 ലും മികച്ച ഫിറ്റ്നസ് നിലനിർത്തുന്ന മോഡ്രിച്ചിനോട് മത്സരിച്ചു വേണം റയലിൽ പല യുവ താരങ്ങൾക്കും തങ്ങളുടെ സ്ഥാനം നിലനിർത്താൻ.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോഡ്രിച് നിലനിർത്തുന്ന കർശനമായ ഫിറ്റ്നസ് പ്ലാനിംഗ് തന്നെയാണ് ഇപ്പോഴും ടോപ്-ഫ്ലൈറ്റ് ഫുട്ബോളിൽ പിടിച്ചു നിക്കാൻ സാധിക്കുന്നത്.

Rate this post