മെസ്സി ബാഴ്സലോണയിൽ സന്ദർശിച്ചത് പുതിയ വഴിത്തിരിവിലേക്ക്,ബാഴ്‌സലോണ പ്രസിഡന്റും മെസിയുടെ പിതാവും കൂടിക്കാഴ്‌ച നടത്തിയെന്ന് റിപ്പോർട്ട്

ഈ സീസൺ അവസാനിക്കുന്നതോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി അത് ഇതുവരെയും പുതുക്കാൻ തയ്യാറായിട്ടില്ല. ഖത്തർ ലോകകപ്പിന് പിന്നാലെ തന്നെ മെസി കരാർ പുതുക്കുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ഇതുവരെയും അത് പുതുക്കാത്ത സാഹചര്യത്തിൽ മെസി പിഎസ്‌ജി വിടുമെന്ന അഭ്യൂഹങ്ങലും അതിനൊപ്പം ഉയരുന്നുണ്ട്.

അതിനിടയിൽ കഴിഞ്ഞ ദിവസം ലയണൽ മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. അവധി ദിവസങ്ങൾക്കായി മെസി ബാഴ്‌സലോണയിൽ എത്തിയതിനു പിന്നാലെയാണ് ഇക്കാര്യം കാറ്റലോണിയ റേഡിയോ പുറത്തു വിട്ടത്. ലോകകപ്പിന് ശേഷം ആദ്യമായാണ് മെസി ബാഴ്‌സലോണയിൽ എത്തുന്നത്.

മൂന്നു കാര്യങ്ങളാണ് മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റും തമ്മിൽ ചർച്ച ചെയ്‌തതെന്നാണ്‌ റിപ്പോർട്ടുകൾ. ഒന്ന് മെസിയുടെ തിരിച്ചു വരവിനുള്ള സാധ്യതകളെ പറ്റിയാണ്. അതിനു പുറമെ ലയണൽ മെസി ബാഴ്‌സലോണ വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മെസിയുടെ സഹോദരനായ മാതിയാസ്‌ മെസി ബാഴ്‌സലോണക്കെതിരെ നടത്തിയ പരാമർശങ്ങളെ കുറിച്ചും അവർ ചർച്ച ചെയ്‌തു.

റിപ്പോർട്ടുകൾ സത്യമാണെങ്കിൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകളുണ്ട്. പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന തീരുമാനമാണ് താരം എടുക്കുന്നതെങ്കിൽ ബാഴ്‌സലോണ തന്നെയാകും ആദ്യത്തെ പരിഗണന. മെസിയെ തിരിച്ചു കൊണ്ടുവരാൻ ആഗ്രഹമുണ്ടെന്ന് ക്ലബ് നേതൃത്വം പറഞ്ഞിട്ടുണ്ടെങ്കിലും അതിനുള്ള സാമ്പത്തികസ്ഥിതി ഉണ്ടോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്.

അതിനിടയിൽ ബാഴ്‌സലോണയിലെത്തിയ ലയണൽ മെസി തന്റെ മുൻ സഹതാരങ്ങൾക്കൊപ്പം സമയം ചിലവഴിച്ചിരുന്നു. മെസിയും ഭാര്യയായ അന്റോനെല്ലയും ബാഴ്‌സലോണ താരങ്ങളായ ബുസ്‌ക്വറ്റ്സ്, ജോർഡി ആൽബ എന്നിവർക്കും അവരുടെ പങ്കാളികൾക്കുമൊപ്പം ബാഴ്‌സലോണയിൽ ഒരുമിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

2/5 - (1 vote)