നിങ്ങൾ ബുദ്ധിമുട്ടേണ്ടി വരും: അർജന്റീനക്കെതിരെ കളിക്കുന്നവർക്ക് മുന്നറിയിപ്പുമായി അഗ്വേറോ |Qatar 2022

ഈ ഖത്തർ വേൾഡ് കപ്പിലേക്ക് ഏറ്റവും മികച്ച രൂപത്തിൽ എത്തുന്ന ടീം ഏതാണ് എന്ന് ചോദിച്ചാൽ ആർക്കും അർജന്റീനയാണ് എന്നുള്ള കാര്യത്തിൽ സംശയങ്ങളോ തർക്കങ്ങളോ ഉണ്ടാവില്ല. കാരണം കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. വളരെ മികച്ച രൂപത്തിലാണ് അർജന്റീന ഇപ്പോൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്.

ഖത്തർ വേൾഡ് കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അർജന്റീനയുടെ ദേശീയ ടീം ആരംഭിച്ചിട്ടുണ്ട്.അബുദാബിയിൽ വെച്ച് അർജന്റീന UAE ക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആദ്യ പരിശീലനങ്ങൾ അർജന്റീന അബൂദാബിയിൽ വെച്ചാണ് നടത്തുന്നത്.പോളണ്ട്,മെക്സിക്കോ, സൗദി അറേബ്യ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ.

വേൾഡ് കപ്പിൽ അർജന്റീനയെ നേരിടാൻ പോകുന്ന എതിരാളികൾക്ക് മുൻ അർജന്റൈൻ താരമായിരുന്ന സെർജിയോ അഗ്വേറോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് അർജന്റീനക്കെതിരെ കളിക്കുന്നവർക്കെല്ലാം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നാണ് അഗ്വേറോ പറഞ്ഞത്. 3 വേൾഡ് കപ്പുകളിൽ പങ്കെടുത്ത അനുഭവവും അദ്ദേഹം പങ്കുവെച്ചു.

‘ കഴിഞ്ഞുപോയ വേൾഡ് കപ്പുകൾ എടുത്തു നോക്കിയാൽ അറിയാം, അർജന്റീന എപ്പോഴും കിരീട ഫേവറേറ്റുകളിൽ ഒന്ന് തന്നെയായിരിക്കും. എന്റെ അഭിപ്രായത്തിൽ അർജന്റീനക്കെതിരെ കളിക്കുന്ന ടീമുകൾ എല്ലാവരും നന്നായി ബുദ്ധിമുട്ടേണ്ടി വരും.എനിക്ക് മൂന്ന് വേൾഡ് കപ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഫുട്ബോളർക്ക് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമാണത്. വേൾഡ് കപ്പിൽ കളിക്കുക എന്നുള്ളത് ഓരോ കുട്ടികളുടെയും സ്വപ്നമാണ്. എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കണമെന്നില്ല ‘ അഗ്വേറോ പറഞ്ഞു.

കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീന നേടിയപ്പോൾ ടീമിന്റെ ഭാഗമായിരുന്നു സെർജിയോ അഗ്വേറോ.അതിനുശേഷമാണ് ആരോഗ്യ പ്രശ്നങ്ങൾ കാരണം അദ്ദേഹം വിരമിച്ചത്. അദ്ദേഹത്തിന്റെ അഭാവത്തിലും മുന്നേറ്റ നിര വളരെ ശക്തമാണ് എന്നുള്ളത് അർജന്റീനക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.