മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊയുടെ കരാർ ഈ സീസണോട് കൂടി അവസാനിക്കാനിരിക്കുകയാണ്. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വലിയ പുരോഗതിയൊന്നും ഇതുവരെ വന്നിട്ടില്ല. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരാർ സിറ്റി പുതുക്കുമോ എന്നുള്ളത് നോക്കി കാണേണ്ടതുണ്ട്. പരിക്കും ഫോമില്ലായ്മയുമായി അഗ്വേറൊക്ക് അത്ര നല്ല കാലമല്ല.
താരത്തിന്റെ സ്ഥാനത്തേക്ക് ഒരു സൂപ്പർ സ്ട്രൈക്കറെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അദ്ദേഹം പ്രധാനമായും നോട്ടമിട്ടിരിക്കുന്ന താരം അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ തന്നെയാണ്. മറ്റാരുമല്ല, അർജന്റൈൻ ടീമിൽ അഗ്വേറൊയുടെ സ്ഥാനം കയ്യാളുന്ന ഇന്റർമിലാൻ താരം ലൗറ്ററോ മാർട്ടിനെസിനെയാണ് അഗ്വേറൊക്ക് പകരക്കാരനായി കൊണ്ട് ഗ്വാർഡിയോള നോട്ടമിട്ടിരിക്കുന്നത്. താരത്തിന്റെ അവസ്ഥകളെ പെപ് നിരീക്ഷിച്ചു വരികയാണ്. വരുന്ന സമ്മറിൽ ടീമിൽ എത്തിക്കാൻ സിറ്റി ശ്രമം നടത്തിയേക്കും.
ലൗറ്ററോ മാർട്ടിനെസിന് ക്ലബ് വിടാൻ താല്പര്യമുണ്ട് എന്നുള്ളത് കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ വ്യക്തമായ കാര്യമാണ്. ബാഴ്സ താരത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചിരുന്നുവെങ്കിലും ഇന്റർമിലാൻ വിടാതിരിക്കുകയായിരുന്നു. ഒടുവിൽ താരം ഇന്ററിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ബാഴ്സ നീക്കം ഉപേക്ഷിച്ചിട്ടില്ല. കൂടാതെ റയലിനും താരത്തിൽ താല്പര്യമുണ്ട്. അതിനിടയിലേക്കാണ് വെല്ലുവിളി ഉയർത്തികൊണ്ട് സിറ്റി വരുന്നത്. പക്ഷെ ഇന്റർമിലാൻ വിടുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.
ഇനിയും മൂന്ന് വർഷം ലൗറ്ററോക്ക് ഇന്ററുമായി കരാറുണ്ട്. എന്നാൽ ലൗറ്ററോക്ക് ക്ലബ് വിടാനാണ് താല്പര്യം. ഒരു രണ്ടു വർഷമെങ്കിലും താരത്തെ പിടിച്ചു നിർത്താനാണ് ഇന്റർ ശ്രമിക്കുക. പക്ഷെ താരത്തിന്റെ റിലീസ് ക്ലോസായ 98 മില്യൺ പൗണ്ട് നൽകാൻ തയ്യാറാവുന്ന ക്ലബുകൾക്ക് ഇന്റർ താരത്തെ വിട്ടുനൽകേണ്ടി വരും. സാലറി വർധിപ്പിച്ചു കൊണ്ട് താരത്തെ അനുനയിപ്പിക്കാൻ ഇന്റർ ശ്രമം നടത്തുന്നുണ്ട്. അർജന്റീനക്ക് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ ഇരുപത്തിമൂന്നുകാരനായ ഈ സ്‌ട്രൈക്കർ ഈ സീസണിൽ ഇന്ററിന് വേണ്ടി അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.