ഇന്ന് ഫ്രഞ്ച് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ഇറങ്ങുന്നുണ്ട്.ലീഗ് വണ്ണിലേക്ക് ഈ സീസണിൽ പ്രമോഷൻ ലഭിച്ചു വന്ന എസി അജാക്സിയോയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി 12:30നാണ് മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം എവേ മത്സരമാണ്.
ഇന്നത്തെ മത്സരത്തിൽ ലിയോ മെസ്സി ഇറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായി കൊണ്ട് കഴിഞ്ഞ ഫ്രഞ്ച് ലീഗിലെ മത്സരം മെസ്സി കളിച്ചിരുന്നു.സൂപ്പർ താരങ്ങളായ നെയ്മർ,റാമോസ് എന്നിവരുടെ അഭാവത്തിലായിരിക്കും പിഎസ്ജി ഇന്ന് കളിക്കാൻ ഇറങ്ങുക. മെസ്സിയിൽ തന്നെയാണ് പിഎസ്ജി എല്ലാ പ്രതീക്ഷകളും അർപ്പിക്കുന്നത്.
ലയണൽ മെസ്സി തന്റെ ക്ലബ് കരിയറിൽ നേരിടുന്ന 111 ആമത്തെ എതിരാളിയാണ് അജാക്സിയോ. ഇതിനു മുൻപ് 110 വ്യത്യസ്ത ക്ലബ്ബുകൾക്കെതിരെ ലയണൽ മെസ്സി കളിച്ചിട്ടുണ്ട്. അതിൽ 92 ക്ലബ്ബുകൾക്കെതിരെയും ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുമുണ്ട്. ഗോൾ പങ്കാളിത്തത്തിന്റെ കാര്യം എടുക്കുകയാണെങ്കിൽ 110 ക്ലബ്ബുകളിൽ 103 ക്ലബ്ബുകൾക്കെതിരെയും മെസ്സി ഒന്നുകിൽ ഗോളോ അല്ലെങ്കിൽ അസിസ്റ്റോ നേടിയിട്ടുണ്ട്. കേവലം 7 ക്ലബ്ബുകൾ മാത്രമാണ് മെസ്സിയുടെ ബൂട്ടിന്റെ ചൂടറിയാത്തത്.
മെസ്സി പുതിയ ഒരു ക്ലബ്ബിനെതിരെ ഇറങ്ങുമ്പോൾ ഒരു ഗോളോ അല്ലെങ്കിൽ അസിസ്റ്റോ ആരാധകർ താരത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ അജാക്സിയോ മോശം പ്രകടനമാണ് നടത്തുന്നത്.ഫ്രഞ്ച് ലീഗിൽ പതിനെട്ടാം സ്ഥാനത്ത് മാത്രമാണ് അവർ ഉള്ളത്.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അജാക്സിയോ ഒരു വെല്ലുവിളി ആവാൻ സാധ്യതയില്ല.
‼️ MATCHDAY ‼️
— MessivsRonaldo.app (@mvsrapp) October 21, 2022
MESSI vs Ajaccio 🆕
Newly promoted Ajaccio will be the 111th different opponent of Lionel Messi's club career.
He's scored against 92/110 so far, and has a goal or assist against 103/110! pic.twitter.com/Z1lUMNXtLp
മെസ്സി ഈ സീസണിൽ വളരെ മികച്ച രൂപത്തിലാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. പിഎസ്ജിക്ക് വേണ്ടി ആകെ 8 ഗോളുകളും 8 അസിസ്റ്റുകളും ആണ് മെസ്സി നേടിയിട്ടുള്ളത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 12 ഗോളുകളും 8 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മികവ് മെസ്സി ഇന്നും തുടരുമെന്നാണ് പ്രതീക്ഷകൾ.