ഇത്തവണ ട്രാൻസ്ഫർ വിപണിയിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച ക്ലബ്ബാണ് സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ. സൂപ്പർ താരം സാക്ഷാൽ ലയണൽ മെസ്സിക്കും കിലിയൻ എംബാപ്പെയ്ക്കും പൊന്നും വിലയിട്ടാണ് അൽ ഹിലാൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചത്.
പൊന്നും വിലയിട്ടെങ്കിലും ഇരുവരെയും സ്വന്തമാക്കാൻ അൽ ഹിലാലിന് സാധിച്ചില്ല. അതിനാൽ തന്നെ അവർക്കിപ്പോൾ മുന്നേറ്റ നിരയിലേക്ക് ഒരു സൂപ്പർ താരത്തെ ആവശ്യമാണ്. ഇറ്റാലിയൻ ക്ലബ് നാപൊളിയുടെ നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിമാനെയാണ് അൽ ഹിലാൽ ലക്ഷ്യം വെയ്ക്കുന്നത്.
സമീപ കാലത്തായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഈ നൈജീരിയൻ താരം കഴിഞ്ഞ സീരി എയിൽ നാപൊളിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ്. സീരി എയിൽ 32 മത്സരങ്ങളിൽ 26 ഗോളുകളാണ് താരം നേടിയത്. ഒസിമാനെ സ്വന്തമാക്കാൻ നേരത്തേ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താരത്തിനായി യുണൈറ്റഡ് സജീവമല്ല.
Al Hilal to move for Victor Osimhen (24) after failing in their bid to lure Kylian Mbappé (24) to Saudi Arabia – full story. (L'Éq)https://t.co/2jKyEeQNy1
— Get French Football News (@GFFN) July 27, 2023
പിഎസ്ജിയുടെ റഡാറിൽ ഒസിമാൻ ഉണ്ടെങ്കിലും പിഎസ്ജി പ്രഥമ പരിഗണന നൽകുന്നത് ഇംഗ്ലീഷ് താരം ഹാരി കൈനിനാണ്. ഇരു ക്ലബ്ബുകളും താരത്തിനായി സജീവമല്ലാത്തതിനാൽ അൽ ഹിലാലിന് കാര്യങ്ങൾ എളുപ്പമാണ്. പണമെറിഞ്ഞ് താരത്തെ സ്വന്തമാക്കാനുള്ള കഴിവും അൽ ഹിലാലിനുണ്ട്. എന്നാൽ താരം യൂറോപ്പിൽ തുടരുമോ ഇല്ലയോ എന്ന കാര്യം ഇപ്പോഴും താരത്തിന്റെ പരിഗണനയിൽ മാത്രമുള്ള കാര്യമാണ്.