അലസാൻഡ്രോ ഗർനാച്ചോ അർജന്റീനക്കു വേണ്ടി കളിക്കുന്നതിൽ നിന്നും പിൻമാറാനൊരുങ്ങുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ താരോദയമായ അലസാൻഡ്രോ ഗർനാച്ചോ അർജന്റീന ടീമിന് വേണ്ടി കളിക്കുന്നതിൽ നിന്നും പിന്മാറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം കുറിച്ച പതിനെട്ടുകാരനായ താരം ക്ലബിന്റെ ഭാവി വാഗ്‌ദാനമെന്ന നിലയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ കളിക്കാരനാണ്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമാണെങ്കിലും സ്പെയിനിൽ ജനിച്ച ഗർനാച്ചോ മാഡ്രിഡിലെ ക്ലബുകളായ അത്ലറ്റികോ മാഡ്രിഡ്, ഗെറ്റാഫെ എന്നിവയുടെ അക്കാദമികളിൽ കളിച്ചിട്ടുണ്ട്. 2020ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ താരം രണ്ടു വർഷം അവിടുത്തെ അക്കാദമിയിൽ കളിച്ചതിനു ശേഷമാണ് സീനിയർ ടീമിലിടം നേടിയത്.

സ്പെയിനിന്റെ അണ്ടർ 18 ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഗർനാച്ചോ അതിനു ശേഷം അർജന്റീന അണ്ടർ 20 ടീമിന്റെ ക്ഷണം സ്വീകരിച്ച് അവിടെയും കളിച്ചിരുന്നു. അർജന്റീന സീനിയർ ടീമിന്റെ സ്‌ക്വാഡിൽ അതിനു ശേഷം ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും സീനിയർ ടീമിനായി ഒരു മത്സരം പോലും കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ലോകകപ്പിനുള്ള അർജന്റീന ടീമിൽ ഇടം നേടാൻ കഴിയാതിരുന്നത് ഗർനാച്ചോക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്. ആ സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിനായ് മികച്ച പ്രകടനം താരം നടത്തിയിരുന്നു. ഇനി മാർച്ചിലാണ്‌ അർജന്റീനയുടെ അടുത്ത മത്സരം നടക്കുക. അതിലും സീനിയർ ടീമിൽ അവസരം ലഭിച്ചില്ലെങ്കിൽ ദേശീയ ടീം മാറുന്ന കാര്യം ഗർനാച്ചോ പരിഗണിക്കും.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്തുന്ന ഗർനാച്ചോയെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാനുള്ള പദ്ധതികൾ സ്പെയിനും നോക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം താരം സ്പെയിൻ ടീമിലേക്ക് വരികയാണെങ്കിൽ ഉടനെ തന്നെ അവസരങ്ങൾ നൽകാമെന്നാണ് സ്പെയിൻ വാഗ്‌ദാനം ചെയ്യുന്നത്. താരം സ്പൈനിലേക്ക് പോയാൽ അത് അർജന്റീന ടീമിന് തിരിച്ചടിയാകും.

2/5 - (7 votes)
Alejandro Garnacho