ഒരിക്കൽക്കൂടി ഏർലിങ് ബ്രൂട് ഹാലാൻഡ് തന്റെ ഗോളടിമികവ് കാണിച്ചു തന്ന മത്സരമായിരുന്നു ഇന്നലെ നടന്നത്. ലീപ്സിഗിനെതിരെ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ അഞ്ചു ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡ് സ്വന്തമാക്കുകയുണ്ടായി. മെസിയും ലൂയിസ് അഡ്രിയാനോയുമാണ് മറ്റു താരങ്ങൾ.
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം അപാരമായ ഫോമിലാണ് ഹാലാൻഡ് കളിച്ചു കൊണ്ടിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കായി ഒരു സീസണിൽ ഏറ്റവുമധികം ഗോളെന്നു റെക്കോർഡ് ഇപ്പോൾ തന്നെ താരം തകർത്തു കഴിഞ്ഞു. ഈ സീസണിൽ 37 മത്സരങ്ങളിൽ നിന്നും 39 ഗോളുകളാണ് താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി നേടിയിരിക്കുന്നത്.
അതിനു പുറമെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിലും ഏറ്റവും കുറഞ്ഞ പ്രായത്തിലും മുപ്പതു ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും ഹാലാൻഡ് സ്വന്തമാക്കിയിരുന്നു. 22 വയസും 236 ദിവസവുമുള്ളപ്പോൾ ഈ നേട്ടം സ്വന്തമാക്കിയ താരം അതിനു വേണ്ടി എടുത്തത് വെറും ഇരുപത്തിയഞ്ചു മത്സരങ്ങൾ മാത്രമാണ്. തന്റെ പ്രിയ ടൂർണമെന്റായ ചാമ്പ്യൻസ് ലീഗിൽ താരം മിന്നൽ പ്രകടനമാണ് നടത്തുന്നത്.
കഴിഞ്ഞ നിരവധി വർഷങ്ങൾ യൂറോപ്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിച്ച മെസി, റൊണാൾഡോ എന്നിവരുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് ഹാലാൻഡിനു മുന്നിൽ ഇല്ലാതാകുമെന്നാണ് കരുതേണ്ടത്. റൊണാൾഡോ 141 ഗോളും മെസി 129 ഗോളും നേടിയിട്ടുണ്ടെങ്കിലും ഹാലാൻഡിന്റെ ഈ കുതിപ്പ് അവരെ മറികടക്കാൻ പോന്നതാണെന്ന കാര്യത്തിൽ സംശയമില്ല.
✅ Youngest to 30 goals – 22y 236d
— UEFA Champions League (@ChampionsLeague) March 15, 2023
✅ Quickest to 30 goals – 25 games
✅ Only the 3rd player to score 5 in a #UCL game
Haaland is inevitable 🤖
ഇനിയും നിരവധി വർഷങ്ങൾ യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബുകളിൽ കളിച്ച്, പരിക്കും ഫോമും നിലനിർത്തിയാൽ മെസി, റൊണാൾഡോ എന്നിവരുടെ റെക്കോർഡ് തകരുമെന്നുറപ്പാണ്. അതേസമയം ഹാലാൻഡിന്റെ ഈ പ്രകടനം ഈ സീസണിൽ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ വർധിപ്പിക്കുന്നു. പ്രീമിയർ ലീഗ് കിരീടത്തിനുള്ള പോരാട്ടത്തിൽ രണ്ടാമതായ അവർ ചാമ്പ്യൻസ് ലീഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.