എംബാപ്പയല്ല, പകരം മറ്റൊരു തീപ്പൊരി താരത്തെ റാഞ്ചാൻ റയൽ മാഡ്രിഡ്

ജർമൻ വമ്പന്മാരായ ബയേൺ മ്യുണിക്കിന്റെ കനേഡിയൻ താരം അൽഫോൻസോ ഡേവിഡിസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് പദ്ധതികളുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. താരത്തിനായി അടുത്ത ട്രാൻസ്ഫർ വിൻഡോ മുതൽ റയൽ നീക്കങ്ങൾ നടത്തുമെന്ന വാർത്തകൾ ശക്തമാവുന്നതിനിടെ റയലിലേക്ക് താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് താരമിപ്പോൾ.

നിലവിൽ ബയേണിൽ ഡേവിസിന് 2025 വരെ കരാറുണ്ട്. താരവുമായി ഇനിയും കരാർ നീട്ടാൻ ബയേണിനും താല്പര്യമുണ്ട്. എന്നാൽ ബയേണുമായി കരാർ പുതുക്കാൻ താരം വിസമ്മതിച്ചതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് റയലിൽ പോകാനാണ് താൽപര്യമെന്നും അതിനാലാണ് താരം ബയേണിനോട് നോ പറഞ്ഞതെന്നുമാണ് റിപ്പോർട്ട്.താരം പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മിച്ചതോടെ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തെ വിറ്റ് കാശാക്കാൻ ബയേൺ ശ്രമിക്കുമെന്ന് ഉറപ്പാണ്.

ആധുനിക ഫുട്ബാളിൽ വേഗത കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ഇതിനോടകം തന്നെ ശ്രദ്ധ നേടിയ താരമാണ് ഡേവിസ്. അതിനാൽ ഡേവിസിനെ സ്വന്തമാക്കുന്നത് റയലിന്റെ നീക്കങ്ങൾക്ക് കൂടുതൽ വേഗത കൂട്ടും. വിനിഷ്യസിനെ പോലുള്ള വേഗതയുള്ള താരങ്ങളുള്ള റയലിന് ഡേവിസിനെ വരവ് കൂടുതൽ ഊർജം നൽകും.ലെഫ്റ്റ് ബാക്കായും വിങ്ങറായും മികച്ച രീതിയിൽ കളിയ്ക്കാൻ കെൽപ്പുള്ള താരം കൂടിയാണ് ഈ 23 കാരൻ.

2018 ലാണ് കനേഡിയൻ ക്ലബ് വാൻകോവറിൽ നിന്നും താരത്തെ ബയേൺ തങ്ങളുടെ റിസേർവ് സ്‌ക്വാഡിൽ എത്തിക്കുന്നത്. 2019 ൽ താരം ബയേണിന്റെ സീനിയർ സ്‌ക്വാഡിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു. ഇത് വരെ ബയേണിനായി 117 മത്സരങ്ങൾ താരം കളിക്കുകയും ചെയ്തിട്ടുണ്ട്. ബയേണിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, സൂപ്പർ കപ്പ്, ബുണ്ടസ്ലീഗ്‌ തുടങ്ങിയ പ്രധാന ട്രോഫികളും താരം നേടിയിരുന്നു. ഈ കിരീട നേട്ടങ്ങളിലെല്ലാം ബയേൺ നിരയിൽ നിർണായക പങ്കും ഈ യുവതാരം വഹിച്ചിട്ടുണ്ട്.

5/5 - (1 vote)
Real Madrid