പനാമക്കെതിരെ നടന്ന മത്സരത്തിൽ അർജന്റീന വിജയം നേടിയതിനൊപ്പം ഫ്രീ കിക്ക് ഗോളുകൾ നേടുന്നതിൽ തനിക്കുള്ള വൈദഗ്ദ്യം ലയണൽ മെസി തെളിയിക്കുന്നത് കൂടി കാണുകയുണ്ടായി. മത്സരത്തിൽ മെസിയുടെ രണ്ടു ഫ്രീ കിക്കുകൾ ബാറിൽ തട്ടി തിരിച്ചപ്പോൾ ഒരു ഫ്രീകിക്ക് ഗോൾ താരം നേടുകയും ചെയ്തു. മത്സരത്തിൽ അർജന്റീന നേടിയ രണ്ടു ഗോളുകൾക്കും കാരണം മെസിയുടെ ഫ്രീ കിക്ക് ആയിരുന്നു.
അതേസമയം ലയണൽ മെസിയുടെ ഫ്രീ കിക്കുകളുടെ മൂർച്ച വർധിക്കാൻ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഒരു കാരണമായിട്ടുണ്ടെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. പനാമക്കെതിരായ മത്സരത്തിന് ശേഷം പുറത്തു വന്ന വീഡിയോ ദൃശ്യങ്ങൾ കണ്ട അർജന്റീന ആരാധകർ മാർട്ടിനസിന്റെ ഇടപെടൽ കണ്ട് അത്ഭുതപ്പെട്ടിരിക്കയാണ്.
മത്സരത്തിൽ ഫ്രീ കിക്ക് എടുക്കാൻ മെസി നിൽക്കുമ്പോൾ പിന്നിൽ നിന്ന് എമിലിയാനോ മാർട്ടിനസാണ് ഡിഫൻസീവ് വോളിൽ അർജന്റീന താരങ്ങൾ എവിടെയൊക്കെ നിൽക്കണം എന്നു നിർദ്ദേശിക്കുന്നത്. മെസി ഫ്രീകിക്ക് അടിക്കുന്ന രീതി കൃത്യമായി മനസിലാക്കി അതിനനുസരിച്ച് എമിലിയാണോ താരങ്ങളെ സെറ്റ് ചെയ്തു. മെസിയെടുത്ത ഫ്രീ കിക്ക് ഗോളായി മാറുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നതോടെ എമിലിയാനോ മാർട്ടിനസിന് ആ ഗോളിൽ പങ്കുണ്ടെന്നും ഇതേ രീതി പിന്തുടർന്നാൽ ലയണൽ മെസിക്ക് ഇനിയും ഫ്രീ കിക്ക് ഗോളുകൾ നേടാൻ കഴിയുമെന്നും ആരാധകർ വിശ്വസിക്കുന്നു. പിന്നിൽ നിന്ന് ടീമിനെ നയിക്കാൻ കഴിയുന്ന ഒരു താരമായി എമിലിയാനോ മാറിയെന്നും ആരാധകർ പറയുന്നു.
Emi did it again. 😮💨🇦🇷
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 26, 2023
pic.twitter.com/JiSSpFNDrD
അർജന്റീന ടീമിലെ താരങ്ങൾ തമ്മിലുള്ള കെട്ടുറപ്പ് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. ലയണൽ മെസി ഏതു പൊസിഷനിൽ എവിടേക്ക് ഫ്രീ കിക്ക് അടിക്കുമെന്ന കാര്യത്തിൽ എമിലിയാനോക്ക് വ്യക്തതയുണ്ട്. ടീമിന്റെ നായകനും പ്രധാന താരമെന്ന നിലയിൽ സ്വന്തം ഇഷ്ടപ്രകാരം ഫ്രീ കിക്ക് അടിക്കാമെങ്കിലും മെസിയും എമിലിയാനോയുടെ നിർദ്ദേശങ്ങളെ സ്വീകരിക്കാൻ തയ്യാറാണ്.