അപ്രതീക്ഷിതമായാണ് ലയണൽ മെസി ബാഴ്‌സലോണ വിടുന്നത്. പ്രൊഫെഷണൽ കരിയറിൽ മറ്റൊരു ക്ലബിനു വേണ്ടിയും കളിച്ചിട്ടില്ലാത്ത താരം കോപ്പ അമേരിക്ക കിരീടം അർജന്റീനക്കൊപ്പം നേടി തിരിച്ചെത്തി പുതിയ കരാർ ഒപ്പിടാൻ വേണ്ടി നിൽക്കുന്ന സമയത്താണ് സാമ്പത്തിക പ്രതിസന്ധികൾ കാരണം കരാർ പുതുക്കാൻ കഴിയില്ലെന്ന് ബാഴ്‌സലോണ നേതൃത്വം അറിയിക്കുന്നത്. ഫുട്ബോൾ ലോകം തന്നെ ഞെട്ടിയ സംഭവമായിരുന്നു അത്.
ബാഴ്‌സലോണ വിട്ട മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തിയിരുന്നെങ്കിലും താരം ചേക്കേറിയത് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ്. അതേസമയം മെസിയെ സ്വന്തമാക്കാനുള്ള സാധ്യതകൾ ഉണ്ടോയെന്നറിയാൻ താരവുമായി ആ സമയത്ത് സംസാരിച്ചിരുന്നുവെന്നാണ് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലൻറെ വൈസ് പ്രസിഡന്റും മുൻ അർജന്റീന താരവുമായ ഹാവിയർ സനെട്ടി പറയുന്നത്.
“ലയണൽ മെസി ബാഴ്‌സലോണ വിട്ടത് എനിക്ക് വളരെയധികം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. പിഎസ്‌ജിയുമായോ മറ്റേതെങ്കിലും പ്രീമിയർ ലീഗ് ക്ലബുമായോ യാതൊരു തരത്തിലും മത്സരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നതായിരുന്നു യാഥാർഥ്യം. എന്നാൽ താരത്തെ സ്വന്തമാക്കാൻ ഏതെങ്കിലും തരത്തിലുള്ള സാധ്യതയുണ്ടോ എന്നറിയാൻ ഞാൻ മെസിയുമായി ആ സമയത്ത് സംസാരിച്ചിരുന്നു.” സനെട്ടി പറഞ്ഞു.
എന്നാൽ ഇന്റർ മിലൻറെ ശ്രമങ്ങളൊന്നും നടക്കാതെ ലയണൽ മെസി പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനം എടുക്കുകയായിരുന്നു. ഇരുപതു വർഷത്തോളം ബാഴ്‌സലോണയിൽ കളിച്ച താരത്തിന് പുതിയ ലീഗിലേക്ക് ചേക്കേറിയ സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അതിന്റെ കുറവുകൾ തിരുത്തുന്ന മികവാണ് താരം മൈതാനത്ത് കാഴ്‌ച വെക്കുന്നത്.
Inter Milan vice president Javier Zanetti has revealed holding discussions with Lionel Messi over a possible move to the San Siro. https://t.co/MnDIrg1dEu
— Sportskeeda Football (@skworldfootball) February 7, 2023
അതേസമയം ലയണൽ മെസി പിഎസ്‌ജിയിൽ തന്നെ തുടരുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന മെസി ഇതുവരെയും കരാർ പുതുക്കിയിട്ടില്ല. പിഎസ്‌ജിയിൽ തുടരില്ലെന്ന തീരുമാനമാണ് മെസി എടുക്കുന്നതെങ്കിൽ ഇന്റർ മിലാനു താരത്തെ സ്വന്തമാക്കാൻ ഇനിയും അവസരമുണ്ട്.