ആഞ്ചലോട്ടി നിർത്താൻ ഉദ്ദേശമില്ല, ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത് ബാഴ്‌സ സൂപ്പർ താരത്തെ.

ഈ ട്രാൻസ്ഫർ വിൻഡോയിൽ വളരെ നിർണായകമായ രണ്ട് സൈനിങ്ങുകൾ നടത്തിയ പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായ ഹാമിഷ് റോഡ്രിഗസിനെ റയൽ മാഡ്രിഡിൽ നിന്നും ആഞ്ചലോട്ടി റാഞ്ചിയിരുന്നു. അതിന് മുമ്പ് തന്നെ നാപോളിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ അലനെയും ആഞ്ചലോട്ടി സ്വന്തം തട്ടകത്തിൽ എത്തിച്ചിരുന്നു. ആഞ്ചലോട്ടി മുമ്പ് പരിശീലിപ്പിച്ചിരുന്ന ക്ലബുകളിൽ നിന്നാണ് ഈ രണ്ട് താരങ്ങളെയും സ്വന്തമാക്കിയത്. കൂടാതെ മറ്റൊരു താരത്തെയും എവർട്ടൺ സൈൻ ചെയ്തിരുന്നു.

ഇപ്പോഴിതാ മറ്റൊരു നീക്കം നടത്താനൊരുങ്ങി നിൽക്കുകയാണ് എവർട്ടൺ പരിശീലകൻ.ബാഴ്സ താരത്തെയാണ് ഇത്തവണ ആഞ്ചലോട്ടി ലക്ഷ്യം വെച്ചിരിക്കുന്നത്. ബാഴ്സയുടെ ഡിഫൻഡർ ജീൻ ക്ലെയർ ടോഡിബോയെയാണ് എവർട്ടണ് വേണ്ടത്. പ്രമുഖഇംഗ്ലീഷ് മാധ്യമമായ ലിവർപൂൾ എക്കോയാണ് ഈ വാർത്തയുടെ ഉറവിടം. ഇരുപതുകാരനായ താരത്തെ ഒക്ടോബർ അഞ്ചിന് മുമ്പ് ടീമിൽ എത്തിക്കാനാണ് എവർട്ടണിന്റെ ശ്രമം. കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ച താരമാണ് ടോഡിബോ. ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയ താരത്തെ നിലനിർത്താൻ ബാഴ്സക്ക് താല്പര്യമില്ല എന്ന് വ്യക്തമാക്കിയതാണ്.

കഴിഞ്ഞ സീസണിൽ ലോണിൽ ഷാൽക്കെയിൽ ആയിരുന്നു താരം കളിച്ചിരുന്നത്. തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പരിക്കുകൾ താരത്തെ തളർത്തുകയായിരുന്നു. ഈ സീസണിൽ ബാഴ്‌സയിലേക്ക് മടങ്ങിയെത്തിയ താരം കോവിഡിൽ നിന്നും മുക്തനായി ബാഴ്സക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. 25 മില്യൺ യുറോക്ക് താരത്തെ നിലനിർത്താൻ ഷാൽക്കെക്ക് അവസരം ഉണ്ടായിരുന്നുവെങ്കിലും ബുണ്ടസ്‌ലിഗ ക്ലബ് പിന്മാറുകയായിരുന്നു.

താരത്തിന് വേണ്ടി മറ്റൊരു പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം പതിനെട്ടു മില്യൺ യുറോ താരത്തിന് വേണ്ടി ബാഴ്സക്ക് വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ ഇറ്റാലിയൻ വമ്പൻമാരായ നാപോളിക്കും താരത്തിൽ ഒരു കണ്ണുണ്ടായിരുന്നു. പോർച്ചുഗൽ ക്ലബായ ബെൻഫിക്കയും താരത്തെ കുറിച്ച് അന്വേഷിച്ചിരുന്നു. ഏതായാലും നിലവിൽ എവർട്ടൺ തന്നെയാണ് മുന്നിൽ.

Rate this post