ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയോട് തോറ്റു പുറത്തായതിന് ശേഷം പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. അതിനു ശേഷം ഇതുവരെയും പുതിയ പരിശീലകനെ ബ്രസീൽ നിയമിച്ചിട്ടില്ല. ബ്രസീൽ യൂത്ത് ടീമിനെ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് വിജയിപ്പിച്ച റാമോൺ മെനസസാണ് ഈ മാസം നടക്കുന്ന മത്സരത്തിനുള്ള ടീമിനെ പരിശീലിപ്പിക്കുന്നത്.
അതിനിടയിൽ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി ബ്രസീൽ ടീം പരിശീലകനായി എത്തുമെന്ന സൂചന നൽകിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സൺ. അതിനു വളരെയധികം സാധ്യതയുണ്ടെന്നും ആൻസലോട്ടി ബ്രസീലിലേക്ക് വരുന്നതിനായി റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ തോൽപ്പിക്കുമെന്നും താരം പറഞ്ഞു.
“വിനീഷ്യസ്, കസമീറോ, മിലിറ്റാവോ എന്നിവരുമായി ഞാൻ സംസാരിച്ചിരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന വിജയങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് ആൻസലോട്ടി. അദ്ദേഹം ബ്രസീൽ ടീമിലെത്താനുള്ള സാധ്യത വളരെയധികമാണ്. ബാക്കി നമുക്ക് ഭാവിയിൽ അറിയാം. ആൻസലോട്ടി ബ്രസീലിലേക്ക് വേഗം വരുന്നതിനായി ഞങ്ങൾ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താക്കാൻ ശ്രമിക്കും.” എഡേഴ്സൺ പറഞ്ഞു.
പുതിയ പരിശീലകനെ റയൽ മാഡ്രിഡ് തേടുമ്പോൾ ആദ്യം മുതൽ ഉയർന്നു കേട്ടിരുന്ന പേരാണ് കാർലോ ആൻസലോട്ടിയുടേത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. റയൽ മാഡ്രിഡിൽ താൻ വളരെ സന്തോഷവാനാണെന്നും ഇവിടെത്തന്നെ തുടരാനാണ് താല്പര്യമെന്നുമാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
Ederson: “I spoke to Casemiro, Vinicius and Militão… there's a big possibility that Carlo Ancelotti is gonna become the new coach of Brazil”. 🚨⚪️🇧🇷 #Brazil
— Fabrizio Romano (@FabrizioRomano) March 22, 2023
“We will try to eliminate Real Madrid so that Ancelotti can come to Brazil as quick as possible!”, he added smiling. pic.twitter.com/Kx87b3reaa
പരിശീലകനെന്ന നിലയിൽ അപാരമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളയാളാണ് ആൻസലോട്ടി. പക്ഷെ ഒരു ദേശീയ ടീമിന്റെ പോലും പ്രധാന പരിശീലകനായി അദ്ദേഹം നിയമിക്കപ്പെട്ടിട്ടില്ല. ലോകഫുട്ബോളിൽ ആധിപത്യം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ബ്രസീലിനു യോജിക്കുന്ന പരിശീലകൻ തന്നെയാണ് ആൻസലോട്ടിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.