വമ്പൻ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങൾ ടീമിലുള്ളത് കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ബാഴ്സലോണയെ വലിയ രീതിയിൽ ബാധിക്കുന്നതു കൊണ്ട് വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ അഞ്ചു താരങ്ങളെ ഒഴിവാക്കാൻ കറ്റാലൻ ക്ലബ് ഒരുങ്ങുന്നു. ഏതാണ്ട് ഇരുനൂറു ദശലക്ഷം യൂറോയോളം താരങ്ങളുടെ പ്രതിഫലം കുറച്ചോ കളിക്കാരെ വിറ്റോ സമാഹരിക്കേണ്ട അവസ്ഥയിലാണ് ബാഴ്സലോണ നിലവിലുള്ളത്.
അതേസമയം നിലവിലെ പ്രതിസന്ധികളുടെ ഇടയിലും ടീമിനെ ശക്തിപ്പെടുത്തേണ്ടത് ബാഴ്സക്ക് അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ വിന്ററിൽ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം എറിക് ഗാർസിയ, ലിയോൺ നായകൻ മെംഫിസ് ഡിപേ എന്നിവരെ സ്വന്തമാക്കാൻ ബാഴ്സ ശ്രമിക്കുന്നുണ്ട്. ഇതിനു വേണ്ടി കൂടിയാണ് അഞ്ചു താരങ്ങളെ ബാഴ്സ ഒഴിവാക്കാൻ ഒരുങ്ങുന്നത്.
സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയുടെ റിപ്പോർട്ടുകൾ പ്രകാരം ഒസ്മാനെ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, കാർലെസ് അലേന, മാർട്ടിൻ ബൈത്ത്വെറ്റ് എന്നിവരെയാണ് ബാഴ്സലോണ വിന്ററിൽ ഒഴിവാക്കാൻ ഒരുങ്ങുന്നത്. എന്നാൽ ഫാറ്റിക്ക് പരിക്കു പറ്റിയതു കൊണ്ട് ഡെംബലെ ടീമിനൊപ്പം തുടരാനുള്ള സാധ്യതയുണ്ട്.
ഈ സീസണിൽ പുതിയ നിരവധി താരങ്ങളെ ടീമിനൊപ്പം ഇണക്കിച്ചേർക്കുന്നതിനാൽ അതു ബാഴ്സയുടെ പ്രകടനത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ മുന്നേറ്റനിര ഫോം കണ്ടെത്തിയതോടെ ബാഴ്സക്ക് പ്രതീക്ഷയുണ്ട്. ജനുവരിയിൽ പ്രതിരോധമാണ് ടീം പ്രധാനമായും മെച്ചപ്പെടുത്തേണ്ടത്.