❝മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്ക് കാരണക്കാരൻ ഞാൻ മാത്രം, എന്നെ മാത്രം പഴിക്കുക❞ |Manchester United

ചുവന്ന ചെകുത്താൻമാർക്ക് ഈ സീസൺ അത്ര ശുഭകരമായല്ല തുടങ്ങിയത്, എങ്ങും നിരാശ മാത്രമാണ് ഫലം, അത് ചാമ്പ്യൻസ് ലീഗിലാണെങ്കിലും പ്രീമിയർ ലീഗിലാണെങ്കിലും. ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ചപ്പോൾ നാലിലും തോൽവിയായിരുന്നു ചുവന്ന ചെകുത്താൻമാർക്ക്. ആറു മത്സരങ്ങളിൽ ഈ വഴങ്ങിയത് 14 ഗോളുകളാണ്.

ഇന്നലെ രാത്രി അലിയൻസ് അരെനയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യുണിക് മൂന്നിനെതിരെ നാലു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു, അതിൽ ആദ്യഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ പ്രധാന സൈനിംഗ് ആയിരുന്ന ഒനാനയുടെ തെറ്റിലൂടെയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസതാരം ഡിഹിയക്ക് പകരക്കാരനായി വന്ന ഒനാന തുടർച്ചയായി തെറ്റുകൾ സംഭവിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തലവേദനയാകുന്നുണ്ട്.

കളിയുടെ 28 മിനിറ്റിൽ സാനെ ബോക്സിനു പുറത്തുനിന്നും അടിച്ച പന്ത് ഗോൾകീപ്പർ ഒനാനയുടെ തൊട്ടുമുൻപിൽ കുത്തി ഉയർന്നപ്പോൾ ഒനാനക്ക് കൈപ്പിടിയിൽ ഒതുക്കാനായില്ല, വലിയൊരു മിസ്റ്റേക്കിലായിരുന്നു ആ ഗോൾ വന്നത്, അതോടെ ചുവന്ന ചെകുത്താൻ മാർക്ക് കളിയുടെ താളം നഷ്ടപ്പെട്ടു. മത്സരത്തിനുശേഷം താരം ഇങ്ങനെ പ്രതികരിച്ചു.❝ഇത് എന്റെ മാത്രം തെറ്റാണ്,എനിക്ക് തെറ്റ് പറ്റിയ ശേഷം കളിയുടെ നിയന്ത്രണം ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ടീമിനെ നിരാശപ്പെടുത്തിയത് ഞാനാണ്,അതുകൊണ്ടുതന്നെ എന്റെ മാത്രം തെറ്റാണ്..❞

❝ഞാൻ കുറച്ചുകൂടെ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്,എന്റെ കാരണത്താലാണ് ഈ തോൽവി സംഭവിച്ചത്, ഭാവിയിലേക്ക് ഈ തെറ്റിൽ നിന്നും ഞാൻ പാഠം ഉൾക്കൊണ്ട് മുന്നേറും,എനിക്ക് ഇനിയും തെളിയിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്,സത്യസന്ധമായി പറഞ്ഞാൽ എന്റെ തുടക്കം മാഞ്ചസ്റ്ററിൽ അത്ര നല്ലതല്ല❞

ആദ്യ പകുതി പിന്നിട്ടപ്പോൾ ഏകപക്ഷികമായ രണ്ടു ഗോളുകൾക്ക് ബയേൺ മ്യുണിക് മുന്നിലായിരുന്നു, രണ്ടാം പകുതിയിൽ അടിയും തിരിച്ചടിയുമായി മത്സരം കൂടുതൽ ആവേശകരമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ്നു വേണ്ടി ബ്രസീലിയൻ താരം കാസിമിറൊ ഇരട്ട ഗോളുകൾ നേടി പൊരുതാനുള്ള അവസരമുണ്ടാക്കി, ഹോയ്ലുണ്ട് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു ഗോൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം പ്രീമിയർ ലീഗിൽ ബേൺലിക്ക് എതിരെയാണ്. ശനിയാഴ്ച രാത്രിയാണ് മത്സരം.നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചു റൌണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ട് ജയവും മൂന്നു തോൽവിയുമായി 6 പോയിന്റോടെ പതിമൂന്നാം സ്ഥാനത്താണ് ചുവന്ന ചെകുത്താന്മാർ.

Rate this post
Manchester United