അർജന്റീനിയൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയ്ക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് |Angel Di Maria

കഴിഞ്ഞ ആഴ്ച സിരി എ യിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മോൺസയ്‌ക്കെതിരെ നാണംകെട്ട തോൽവി മുൻ ചാമ്പ്യന്മാരായ യുവന്റസ് ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിന്റെ നാൽപതാം മിനുട്ടിൽ ഏഞ്ചൽ ഡി മരിയ ചുവപ്പുകാർഡ് നേടി പുറത്തു പോയത് യുവന്റസിനെ വളരെയധികം ബാധിച്ചിരുന്നു. ഈ മാസം തുടർച്ചയായ അഞ്ചാമത്തെ മത്സരത്തിലാണ് യുവന്റസ് വിജയം കണ്ടെത്താനാവാതെ പതറുന്നത്.

എതിരാളിയെ കൈമുട്ട് കൊണ്ടിടിച്ചതിന് എയ്ഞ്ചൽ ഡി മരിയയെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയതായി സെരി എ ചൊവ്വാഴ്ച അറിയിച്ചു.അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ചാമ്പ്യൻമാരായ എസി മിലാനെത്തോരെയുള്ളതും ,ബൊലോഗ്നക്കെതിരായ രണ്ടു മത്സരവും അര്ജന്റീന താരത്തിന് നഷ്ടമാവും. അര്ജന്റീനക്കൊപ്പം ലോകകപ്പിന് മുമ്പുള്ള രണ്ടു സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്താണ് താരം യുവന്റസിലേക്ക് തിരിച്ചെത്തുക.പിഎസ്‌ജി കരാർ പുതുക്കി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഫ്രീ ഏജന്റായാണ് ഏഞ്ചൽ ഡി മരിയ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ യുവന്റസിലേക്ക് ചേക്കേറുന്നത്.

എന്നാൽ പരിക്കു മൂലം സീസണിൽ നിരവധി മത്സരങ്ങൾ താരത്തിന് നഷ്ട്ടപ്പെട്ടു. ഏതാനും മത്സരങ്ങൾക്കു ശേഷം ഏഞ്ചൽ ഡി മരിയ ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ അതിന്റെ നാൽപതാം മിനുട്ടിൽ തന്നെ ചുവപ്പുകാർഡ് താരത്തിന് ലഭിച്ചതും മത്സരം യുവന്റസ് തോറ്റതും ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്.മത്സരത്തിനിടയിൽ പന്തിനായി പോരാടുന്നതിനിടെ മോൻസ താരം അർമാൻഡോ ഇസയെ കൈമുട്ടു കൊണ്ട് ഇടിച്ചതിനാണ് ഡി മരിയക്ക് ചുവപ്പുകാർഡ് ലഭിച്ചത്. 2017 ഏപ്രിലിൽ നീസിനെതിരെ നടന്ന മത്സരത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനു ശേഷം ഡി മരിയ ആദ്യമായാണ് ഒരു ലീഗ് മത്സരത്തിൽ ചുവപ്പുകാർഡ് നേടുന്നത്. മത്സരത്തിനു ശേഷം ചുവപ്പുകാർഡ് വാങ്ങിയതിനു ക്ഷമാപണം നടത്തിയ താരം യുവന്റസിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്‌തു.

“മത്സരത്തിനിടെ ഞാൻ കാണിച്ച അനാവശ്യമായ പ്രതികരണത്തിന് എല്ലാവരോടും ക്ഷമാപണം നടത്തുന്നു. ഇതുപോലെയൊരു ബുദ്ധിമുട്ടേറിയ സമയത്ത് ഒരാളുടെ കുറവ് വന്നത് മത്സരം നഷ്‌ടമാകാൻ കാരണമായി. തോൽവി എന്റെ പിഴവു കൊണ്ടു മാത്രമാണ്. അതിൽ ഖേദം പ്രകടിപ്പിക്കുന്നു. ഞാനൊരു പ്രൊഫെഷണലാണ്, അതിനൊപ്പം മനുഷ്യനുമാണ്. തെറ്റുകൾ വരുത്തും, അത് അംഗീകരിക്കാനും കഴിയും.” ഏഞ്ചൽ ഡി മരിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

Rate this post