ദയവ് ചെയ്ത് ഇതൊന്നു അവസാനിപ്പിക്കൂ : അപേക്ഷയുമായി ഡി മരിയ

ഈ സീസണിലായിരുന്നു അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ പിഎസ്ജി വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. എന്നാൽ നിലവിൽ താരം പരിക്കു മൂലം പുറത്താണ്.ഖത്തർ വേൾഡ് കപ്പിന് മുന്നേ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ ഡി മരിയ തന്റെ വിരമിക്കലിനെ കുറിച്ച് സംസാരിച്ചിരുന്നു. അതായത് താൻ ആദ്യമായി കളിച്ച ക്ലബ്ബായ റോസാരിയോ സെൻട്രലിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു ഡി മരിയ പറഞ്ഞിരുന്നത്.എന്നാൽ ഇതിനെ വളച്ചൊടിച്ചുകൊണ്ട് ചില മാധ്യമപ്രവർത്തകർ മറ്റൊരു രൂപത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു.

അതായത് ഡി മരിയ യുവന്റസിൽ ഹാപ്പിയല്ലെന്നും അദ്ദേഹം ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇവർ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇതിനെതിരെ ഡി മരിയ പ്രതികരണവുമായി വന്നിട്ടുണ്ട്. ദയവ് ചെയ്ത് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് അവസാനിപ്പിക്കൂ എന്നാണ് ഡി മരിയ അപേക്ഷിച്ചിട്ടുള്ളത്.ഡി മരിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്.

‘ ഞാൻ വ്യാജവാർത്തകൾ വായിക്കുമ്പോൾ സാധാരണ അതിന് വിശദീകരണങ്ങൾ നൽകുന്ന ഒരാളല്ല. പക്ഷേ ഇപ്രാവശ്യം എനിക്ക് നൽകേണ്ടി വരുന്നു. ഞാൻ ജനുവരിയിൽ യുവന്റസ് വിടുമെന്ന് ആരാണ് പടച്ചുവിട്ടത് എന്നുള്ള കാര്യം എനിക്കറിയില്ല. ഞാൻ പറഞ്ഞത് റൊസാരിയോ സെൻട്രലിൽ വിരമിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്.അല്ലാതെ ഞാൻ ഇന്ന് ക്ലബ്ബ് വിട്ടുകൊണ്ട് അങ്ങോട്ട് പോകുന്നു എന്നല്ല’.

‘ ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് അവസാനിപ്പിക്കൂ.ഞാൻ ഈ വലിയ ക്ലബ്ബിൽ വളരെയധികം ഹാപ്പിയാണ്.ഞാൻ പരിക്ക് മാറി തിരിച്ചെത്തിയാൽ ഈ ക്ലബ്ബിൽ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും.ഞാൻ ഫുട്ബോൾ കളിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത് എന്നുള്ളതാണ് ‘ ഇതാണ് ഇൻസ്റ്റഗ്രാം സ്റ്റേറ്റ്മെന്റിൽ ഈ അർജന്റീന താരം പറഞ്ഞിട്ടുള്ളത്. ഇതോടെ ഈ സീസണിൽ ഡി മരിയ യുവന്റസിൽ തന്നെ തുടരുമെന്ന് ഉറപ്പാവുകയായിരുന്നു.

Rate this post
Angel Di Maria