ചരിത്രത്തിലെ മികച്ച താരമായ മെസിയുള്ളപ്പോൾ എംബാപ്പക്ക് അധികാരം നൽകിയ പിഎസ്‌ജിയെ ചോദ്യം ചെയ്‌ത്‌ ഏഞ്ചൽ ഡി മരിയ

എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കിയ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെയാണ് ഏഞ്ചൽ ഡി മരിയ ക്ലബുമായുള്ള കരാർ അവസാനിച്ച് ഫ്രീ ഏജന്റായി യുവന്റസിലേക്ക് ചേക്കേറുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും വന്നതിനു ശേഷം പിഎസ്‌ജി നിരയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ഡി മരിയക്ക് പുതിയ കരാർ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനു ഫ്രഞ്ച് ക്ലബ് തയ്യാറായില്ല.

റയൽ മാഡ്രിഡിലേക്ക് ഫ്രീ ട്രാൻസ്‌ഫറിൽ ചേക്കേറാൻ നിന്ന എംബാപ്പയെ യൂറോപ്പിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമാക്കി മാറ്റിയാണ് പിഎസ്‌ജി നിലനിർത്തിയത്. ഇതിനു പുറമെ പിഎസ്‌ജിയിൽ താരത്തിന് ചില പ്രത്യേകാധികാരങ്ങൾ നേതൃത്വം നൽകിയെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഡി മരിയ അടക്കമുള്ള അർജന്റീന താരങ്ങൾ പുറത്തു പോയതെന്ന വാർത്തകളും ഉയർന്നു വന്നു.

ഡി മരിയ ക്ലബിൽ നിന്നും പുറത്തു പോയതിൽ എംബാപ്പയുടെ കൈകൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയൊന്നും ഇല്ലെങ്കിലും ഫ്രഞ്ച് താരത്തിന് പിഎസ്‌ജിയിൽ പ്രത്യേക അധികാരങ്ങളുണ്ടെന്നാണ് മനസിലാക്കേണ്ടത്. കഴിഞ്ഞ ദിവസം ഡി മരിയയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ലയണൽ മെസി ക്ലബിലുള്ളപ്പോൾ എംബാപ്പെക്ക് അധികാരം നൽകിയത് ഉചിതമല്ലെന്ന രീതിയിലാണ് താരം സംസാരിച്ചത്.

“ഫ്രാൻസ് എംബാപ്പെക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ നൽകിയിട്ടുണ്ട്. അവിടെയുള്ള ജനങ്ങളും, പ്രസിഡന്റും, പിഎസ്‌ജിയുമെല്ലാമതേ. താരം ക്ലബ് വിടുമെന്ന സാഹചര്യം വന്നപ്പോൾ ടീമിലെ മറ്റൊരാൾക്കും നൽകാത്ത അധികാരമാണ് അവർ എംബാപ്പെക്ക് നൽകിയത്. എന്നാൽ അതിലൊരു വലിയ വ്യത്യാസമുണ്ട്, അവർ എംബാപ്പെക്ക് എല്ലാ അധികാരവും നൽകിയത് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ മെസി ഒപ്പം നിൽക്കുമ്പോഴാണ്.” ഡി മരിയ പറഞ്ഞു.

അതേസമയം ഡി മരിയക്ക് കൂടുതൽ ഉത്തരവാദിത്വങ്ങളും അധികാരവും നൽകുന്നത് താരം ഫ്രാൻസിൽ ജനിച്ച് ലോകകപ്പ് നേടിയ താരമായതു കൊണ്ടും ഭാവിയിൽ ഫുട്ബോൾ ലോകം ഭരിക്കുമെന്ന് അറിയാവുന്നത് കൊണ്ടുമാണെന്നും ഡി മരിയ പറഞ്ഞു. താൻ പിഎസ്‌ജിയിലുള്ളപ്പോൾ എംബാപ്പെ നല്ല പയ്യനായിരുന്നെന്നും ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Rate this post
Kylian MbappeLionel Messi