ഡി മരിയക്കും പരിക്ക്,സൂപ്പർ താരങ്ങളുടെ പരിക്കിൽ ആശങ്കയേറി അർജന്റീന!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ യുവന്റസ് അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫ യുവന്റസിനെ പരാജയപ്പെടുത്തിയത്.അറ്റ്സിലി നേടിയ ഇരട്ട ഗോളുകളാണ് ഹൈഫക്ക് ഈയൊരു വിജയം സമ്മാനിച്ചിട്ടുള്ളത്.

ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ അർജന്റൈൻ സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ഉണ്ടായിരുന്നുവെങ്കിലും അധികനേരം കളത്തിൽ തുടരാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പരിക്ക് മൂലം മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ ഡി മരിയ കളം വിടുകയായിരുന്നു. മസിൽ ഇഞ്ചുറിയാണ് ഡി മരിയയെ അലട്ടുന്നത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നുള്ളത് വരും ദിവസങ്ങളിൽ നമുക്ക് അറിയാൻ സാധിച്ചേക്കും.

അതേസമയം വേൾഡ് കപ്പിന് തൊട്ടുമുന്നേ സൂപ്പർതാരങ്ങൾക്ക് പരിക്കേൽക്കുന്നത് അർജന്റീനയുടെ ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വളരെയധികം പരിചയസമ്പത്തുള്ള വളരെ പ്രധാനപ്പെട്ട താരമാണ് അർജന്റീനയെ സംബന്ധിച്ചിടത്തോളം ഡി മരിയ. ഖത്തർ വേൾഡ് കപ്പിന് മുന്നേ എത്രയും പെട്ടെന്ന് താരം പൂർണ ആരോഗ്യം വീണ്ടെടുക്കണേ എന്നുള്ള പ്രാർത്ഥനയിലാണ് അർജന്റീന ആരാധകർ ഉള്ളത്.

ലയണൽ മെസ്സിയുടെ മസിൽ ഇഞ്ചുറിയും ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്നതാണ്.പക്ഷേ മെസ്സി അടുത്ത ഞായറാഴ്ച തിരിച്ചെത്തും എന്നാണ് അറിയാൻ സാധിക്കുന്നത്.പൗലോ ഡിബാലക്ക് പരുക്ക് മൂലം ഖത്തർ വേൾഡ് കപ്പ് നഷ്ടമായേക്കും എന്നുള്ള റിപ്പോർട്ടുകളായിരുന്നു ആദ്യം പുറത്തേക്ക് വന്നിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടിൽ 21 ദിവസം എന്തായാലും ഡിബാല പുറത്തിരിക്കേണ്ടിവരും. അതിനുശേഷം നടത്തുന്ന പരിശോധനകൾക്ക് ശേഷം മാത്രമേ ഡിബാലയുടെ കാര്യത്തിൽ വ്യക്തത ലഭ്യമാവുകയുള്ളൂ.

മറ്റൊരു അർജന്റീന താരമായ ജോക്കിൻ കൊറേയയും പരിക്കിന്റെ പിടിയിലാണ്.താരത്തിന്റെ ഇടതു കാൽമുട്ടിനാണ് ഇപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നത്. മാത്രമല്ല മറ്റൊരു അർജന്റീന താരമായ യുവാൻ ഫോയ്ത്തിനും ഇടതു കാൽമുട്ടിന് പരിക്കുണ്ട്.നവംബർ മാസത്തിന്റെ തുടക്കത്തിൽ താരം മടങ്ങിയത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഈ താരങ്ങളെല്ലാം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് എത്രയും പെട്ടെന്ന് മടങ്ങിയെത്തേണ്ടത് അർജന്റീനയുടെ ആവശ്യമാണ്.അതിന് സാധിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Rate this post
Argentina