കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസ് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പൊതുവേ ദുർബലരായ മക്കാബി ഹൈഫ യുവന്റസിനെ പരാജയപ്പെടുത്തിയത്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ യുവന്റസ് ഉള്ളത്.
ഈ മത്സരത്തിൽ യുവന്റസിനേറ്റ ഏറ്റവും വലിയ തിരിച്ചടി സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റു എന്നുള്ളതാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മസിൽ ഇഞ്ചുറി മൂലം ഡി മരിയ കളം വിടുകയായിരുന്നു. താരം കരഞ്ഞുകൊണ്ട് കളം വിട്ടത് ഏവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു.
ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കിയത് അദ്ദേഹത്തിന്റെ നാഷണൽ ടീമായ അർജന്റീനക്കും അവരുടെ ആരാധകർക്കുമായിരുന്നു. എന്തെന്നാൽ ഖത്തർ വേൾഡ് കപ്പിന് ദിവസങ്ങൾ മാത്രം ബാക്കി വളരെ പ്രധാനപ്പെട്ട ഒരു താരത്തിന് പരിക്ക് പിടികൂടിയത് തീർത്തും അർജന്റീനക്ക് നിരാശ നൽകുന്ന കാര്യമായിരുന്നു. വളരെ പരിചയസമ്പത്തുള്ള താരമാണ് ഡി മരിയ എന്നുള്ള കാര്യത്തിൽ സംശയമില്ല.
എന്നാൽ ഡി മരിയയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.20 ദിവസമാണ് ഈ പരിക്കിൽ നിന്നും മുക്തനാവാൻ താരത്തിന് ആവശ്യമായി വരുന്നത്.അതിനുശേഷം താരം കളത്തിലേക്ക് തിരിച്ചെത്തും. നിലവിൽ ഖത്തർ വേൾഡ് കപ്പിന് 39 ദിവസങ്ങൾ അവശേഷിക്കുന്നുണ്ട്. അതായത് ഖത്തർ വേൾഡ് കപ്പിൽ ഡി മരിയക്ക് പങ്കെടുക്കാൻ കഴിയുമെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.
Ángel Di María to get to the World Cup fine for Argentina. https://t.co/qkeg3oMCzI
— Roy Nemer (@RoyNemer) October 12, 2022
പ്രശസ്ത അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സിന്റെ ജേണലിസ്റ്റായ ഗാസ്റ്റൻ എഡുളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അർജന്റീന ആരാധകർക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണിത്. എന്നിരുന്നാലും മറ്റു പല താരങ്ങളും ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ലയണൽ മെസ്സിയുടെ പരിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ഡിബാല,ജോക്കിൻ കൊറേയ,യുവാൻ ഫോയ്ത്ത് എന്നിവരൊക്കെ പരിക്കിന്റെ പിടിയിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്.