അന്ന് മെസ്സി ചെൽസിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്.
സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകളെ കൊണ്ട് സമ്പുഷ്ടമായ ഒരു ട്രാൻസ്ഫർ ജാലകമാണ് ഇപ്രാവശ്യം കടന്നു പോയത്. ബാഴ്‌സയുടെ പിന്തിരിപ്പൻ നയങ്ങളിൽ പ്രതിഷേധമർപ്പിച്ച മെസ്സി തനിക്ക് ക്ലബ് വിടണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാഴ്‌സ താരത്തെ അനുവദിക്കാതിരുന്നതോടെ ആ മോഹം പൊലിയുകയായിരുന്നു. തുടർന്ന് മെസ്സി ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മെസ്സി പ്രമുഖപരിശീലകൻ ഹോസെ മൊറീഞ്ഞോയുടെ ക്ഷണപ്രകാരം ചെൽസിയിലേക്ക് വരാൻ തീരുമാനിച്ചിരുന്നു എന്നാണ് വെളിപ്പെടുത്തൽ. സ്കൈ ഇറ്റലിയുടെ പ്രശസ്ത മാധ്യമപ്രവർത്തകൻ ജിയാൻലുക്ക ഡി മർസിയോയാണ് ഈ വാർത്ത പുറത്ത് വിട്ടത്. 2014-ലായിരുന്നു മെസ്സി ചെൽസിയിൽ എത്തുന്നതിന്റെ തൊട്ടരികിലെത്തിയത്.ഇതുവരെ പറയാത്ത ട്രാൻസ്ഫർ ജാലകത്തിലെ സംഭവവികാസങ്ങൾ എന്ന തലകെട്ടിൽ ഗ്രാൻഡ് ഹോട്ടൽ കാൽസിയോ മെർക്കാറ്റോ എന്ന പുസ്തകത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
Chelsea were prepared to pay €250m to sign Lionel Messi as Jose Mourinho persuaded him to join the club in 2014 👀@DiMarzio reveals how it nearly, but ultimately didn't happen… 👇
— Sky Sports Premier League (@SkySportsPL) October 15, 2020
2013-ൽ ടാക്സ് വിഷയവുമായി ബന്ധപ്പെട്ട് മെസ്സിക്കും കുടുംബത്തിനുമെതിരെ ഒരു കേസ് നിലനിന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മെസ്സി ബാഴ്സ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാൻ തീരുമാനിച്ചിരുന്നത്. തുടർന്ന് ചെൽസി പരിശീലകനായിരുന്ന മൊറീഞ്ഞോ മെസ്സിയെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. തുടർന്ന് ഇരുവരും നടത്തിയ സംഭാഷണത്തിൽ മെസ്സി ചെൽസിയിലേക്ക് വരാൻ സമ്മതം മൂളിയിരുന്നു. ഇതോടെ ചെൽസി താരത്തെ ടീമിൽ എത്തിക്കാനും തയ്യാറായി. 250 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകാൻ ചെൽസി തയ്യാറാവുകയായിരുന്നു. കൂടാതെ 50 മില്യൺ പൗണ്ട് വാർഷികവേതനമായി മെസ്സിക്ക് ചെൽസി വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ ഈ നീക്കം പരാജയപ്പെടുത്തിയത് മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗെ മെസ്സിയായിരുന്നു. കൂടാതെ മുൻ സഹതാരമായിരുന്ന ഡെക്കോയും ഈ നീക്കത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇതോടെ ചെൽസിയുടെയും മൊറീഞ്ഞോയുടെയും മോഹം പൊലിയുകയായിരുന്നു. ഇതുകൂടാതെ റയൽ മാഡ്രിഡ് പ്രസിഡന്റ് പെരെസ് മെസ്സിക്ക് വേണ്ടി ശ്രമിച്ചിരുന്നുവെന്നും എന്നാൽ മെസ്സി തന്നെ നേരിട്ട് ഇത് നിരസിക്കുകയാണ് ചെയ്തതെന്നും ഈ പുസ്തകത്തിലൂടെ ഡി മർസിയോ വെളിപ്പെടുത്തിയിട്ടുണ്ട്.