ബാഴ്സലോണയുടെ ഭാവി വാഗ്ദാനമായ അൻസു ഫാറ്റി തന്റെ ഏജന്റിനെ മാറ്റി. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുമ്പ് ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സിയുടെ സഹോദരനായ റോഡ്രിഗോ മെസ്സിയായിരുന്നു ഫാറ്റിയുടെ ഏജന്റ്. അദ്ദേഹത്തിന് കീഴിലുള്ള ഏജൻസി ആയിരുന്നു താരത്തിന്റെ എല്ലാ ഇടപാടുകളും കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പുതിയ സീസണിന് മുന്നോടിയായി ഏജന്റിനെ മാറ്റാൻ ഫാറ്റിയും പിതാവും തീരുമാനിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് പ്രശസ്ത ഫുട്ബോൾ ഏജന്റ് ജോർഗെ മെൻഡസിനെയാണ് ഫാറ്റി തന്റെ ഫുട്ബോൾ ഏജന്റ് ആയി കണ്ടുവെച്ചിരിക്കുന്നത്. ജോർഗെ മെൻഡസിന്റെ ഏജൻസി ആയ ഗെസ്റ്റിഫൂട്ട് ആണ് ഇനി ഫാറ്റിയുടെ ഇടപാടുകൾ കൈകാര്യം ചെയ്യുക. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആണ് മെൻഡസ്. പോർച്ചുഗീസുകാരനായ ഇദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളുടെ ഏജന്റ് ആണ്. ഈ സീസണിൽ ബാഴ്സയുടെ സീനിയർ ടീമിലേക്ക് പ്രൊമോഷൻ കിട്ടുന്നതിനെ തുടർന്നാണ് ഫാറ്റിയുടെ ഈ തീരുമാനം.
നിലവിലെ ബാഴ്സ താരം നെൽസൺ സെമെഡോയുടെ ഏജന്റ് മെൻഡസ് ആണ്. കൂടാതെ റയൽ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസിന്റെ ഏജന്റും ഇദ്ദേഹം തന്നെയാണ്. വളരെയധികം പരിചയമുള്ള ആളാണ് മെന്റസ്. അടുത്ത സീസണിൽ ബാഴ്സയുടെ നിർണായകതാരങ്ങളിൽ ഒരാളാവാനുള്ള ഒരുക്കത്തിലാണ് ഫാറ്റി. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ഗോൾനേടി കൊണ്ട് റെക്കോർഡ് സ്ഥാപിച്ച താരമാണ് ഫാറ്റി. തുടർന്ന് താരത്തിന് പതിനെട്ടു വയസ്സ് പൂർത്തിയതോടെ ക്ലബ് താരത്തിന്റെ കരാർ പുതുക്കുകയും റിലീസ് ക്ലോസ് വർധിപ്പിക്കുകയും ചെയ്തിരുന്നു. 170 മില്യൺ യുറോ ആണ് താരത്തിന് റിലീസ് ക്ലോസ് വെച്ചത്. എന്നാൽ തുടർന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫറുമായി ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ ബാഴ്സ നിരസിക്കുകയും ഈ വർഷം കരാർ പുതുക്കാനുള്ള ഒരുക്കത്തിലുമാണ്. അടുത്ത സീസൺ മുതൽ താരത്തിന്റെ സാലറിയും വർധിക്കുന്ന സാഹചര്യത്തിലാണ് ഫാറ്റി ഏജന്റിനെ മാറ്റിയത്. അതേസമയം താരത്തെ വിൽക്കാനുള്ളത് അല്ലെന്ന് പ്രസിഡന്റ് ബർത്തോമു അടിവരയിട്ട് പറഞ്ഞിരുന്നു. ഒരുപാട് ഓഫറുകൾ അദ്ദേഹത്തിന് വേണ്ടി ലഭിച്ചിരുന്നുവെന്നും എന്നാൽ തങ്ങൾ അദ്ദേഹത്തെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തെ വളർത്താനാണ് പദ്ധതിയെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.