ഇന്നലെ വിയ്യാറയലിനെതിരായ മത്സരത്തിൽ ബാഴ്സക്കു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും കളിയിലെ താരത്തിനുള്ള പുരസ്കാരം അൻസു ഫാറ്റിക്ക് നൽകിയില്ലായിരുന്നു. ലെഫ്റ്റ് ബാക്കായ ജോർദി ആൽബയാണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ആരാധകരിൽ ഒരു വിഭാഗം ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ പ്രായമാണ് ഫാറ്റിയെ അവാർഡ് നേട്ടത്തിൽ നിന്നും തടഞ്ഞതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാൻ ഓഫ് ദി മാച്ച് പുരസ്കാരം നൽകുന്നത് പ്രമുഖ ബിയർ നിർമാണ കമ്പനിയായ ബഡ്വൈസറാണ്. അതു കൊണ്ട് പതിനെട്ടു വയസു തികയാത്ത ഫാറ്റിക്ക് പുരസ്കാരം നൽകുന്നത് ഉചിതമാകില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇന്നലത്തെ മത്സരത്തിൽ ഇരുപതു മിനുട്ടിനുള്ളിൽ രണ്ടു ഗോളുകളാണ് ഫാറ്റി നേടിയത്. ഒരു പെനാൽട്ടിയും താരം നേടിയെടുത്തു. ഇത്രയും മികച്ച പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് നഷ്ടമായെങ്കിലും സ്പാനിഷ് താരത്തിന് ഇനിയുമേറെ പുരസ്കാരങ്ങൾ നേടാൻ കഴിവുണ്ടെന്ന് ഇന്നലത്തെ മത്സരം തെളിയിച്ചു.