ഫെറെൻക്വാരോസുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ 5 ഗോളുകൾക്കാണ് ബാഴ്സലോണ വിജയം നേടിയത്. ലയണൽ മെസിയും കൂട്ടീഞ്ഞോയും ഡെമ്പെലെയും പതിനേഴു വയസുള്ള പെഡ്രിയും അൻസു ഫാറ്റിയും ഗോൾ നേടിയതോടെ ഹംഗേറിയൻ ക്ലബ്ബിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയം നേടിയെടുക്കുകയായിരുന്നു.
മത്സരശേഷം ഒരു സ്പാനിഷ് മാധ്യമത്തിൽ വന്ന മത്സരത്തെക്കുറിച്ചുള്ള റിപ്പോർട്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണ സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാൻ. ബാഴ്സ സഹതാരമായ അൻസു ഫാറ്റിയുടെ ഗോലിനെക്കുറിച്ചുള്ള വിവരണം ചൂണ്ടിക്കാണിച്ചാണ് ഗ്രീസ്‌മാൻ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.
താരത്തെ വംശീയമായി അധിഷേപിക്കുന്ന തരത്തിൽ എബിസി എന്ന സ്പാനിഷ് മാധ്യമത്തിൽ വന്ന റിപ്പോർട്ടിലാണ് അൻസു ഫാറ്റിയെ വംശീയമായി അതിക്ഷേപിക്കുന്ന തരത്തിൽ മത്സര റിപ്പോർട്ട് എഴുതിയിരിക്കുന്നത്. വേട്ടമൃഗത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന മാനിനെ പോലെയാണ് അൻസു ഫാറ്റി ഓടിയതെന്നും അത് പോലീസിൽ നിന്നും രക്ഷപ്പെട്ടു ഓടുന്ന നിയമവിരുദ്ധനായ കറുത്ത കുടിയേറ്റക്കാരനെപ്പോലെയാണെന്നാണ് എബിസി ജേർണലിസ്റ്റ് എഴുതിയിരിക്കുന്നത്.
അൻസു ഫാറ്റിയുടെ ഓട്ടത്തെ വംശീയമായി ഉപമിച്ച റിപ്പോർട്ടിനെതിരെ ഫാറ്റിക്ക് പിന്തുണയുമായാണ് ഗ്രീസ്‌മാൻ രംഗത്തെത്തിയത്. അൻസു ഒരു അസാമാന്യനായ ചെറുപ്പക്കാരനാണെന്നും മറ്റു മനുഷ്യരെ പോലെ അവനും ബഹുമാനമർഹിക്കുന്നുണ്ടെന്നും ഗ്രീസ്‌മാൻ കുറിച്ചു. വംശീയതക്കും മോശപ്പെട്ട പെരുമാറ്റത്തിനോടും നോ പറയണമെന്നും ഗ്രീസ്‌മാൻ മത്സര റിപ്പോർട്ടിന്റെ ഭാഗം ഉദ്ധരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ സംഭവത്തിനെതിരെ ആദ്യം വിമർശനവുമായി രംഗത്തെത്തിയ താരവും ഗ്രീസ്മാൻ തന്നെയാണ്