❝പുതിയ നെയ്മറാവാൻ ആന്റണി❞-മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിങ്ങുകൾ ഇനി ബ്രസീലിയൻ ഭരിക്കും||Antony |Brazil |Manchester United

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്.

കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ബ്രസീലിയൻ ഫുട്ബോളിൽ ഏറ്റവും പറഞ്ഞുകേൾക്കുന്ന യുവ താരത്തിന്റെ പേരാണ് ആന്റണി. കഴിഞ്ഞ ദിവസം 100 മില്യൺ കൊടുത്താണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് 22 കാരനെ ഓൾഡ് ട്രാഫൊഡിലെത്തിച്ചത്. 2022 ലെ ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിന്റെ വജ്രായുധമാവും ഈ വിങ്ങർ.സൂപ്പർ താരം നെയ്മറുമായാണ് ആന്റണിയെ താരതമ്യം ചെയ്യുന്നത്.വേഗതയും അതിശയകരമായ ഡ്രിബ്ലിംഗ് കഴിവുകളും കൊണ്ടാണ് ‘പുതിയ നെയ്മർ’ എന്ന ലേബൽ അദ്ദേഹത്തിന് ലഭിച്ചത്.

സാവോപോളോ നഗരത്തിലെ ഒസാസ്കോയിലെ പോളിസ്റ്റ പ്രാന്തപ്രദേശത്താണ് ആന്റണി ജനിച്ചത്, തന്റെ ആദ്യ ജോടി ബൂട്ടുകൾ അക്കാലത്ത് ജോലി ചെയ്തിരുന്ന ഷൂ ഷോപ്പിൽ നിന്ന് അമ്മ കടം വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആന്റണി 2010 -ൽ തന്റെ പത്താം പിറന്നാളിന് തൊട്ടുമുമ്പ് സാവോപോളോയിലെ യൂത്ത് അക്കാദമിയിൽ ഔദ്യോഗികമായി ചേർന്നു.യുവതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ആന്റണിക്ക് ആദ്യ ടീമിനായി ഒരു സീനിയർ കളിക്കാൻ 2018 ൽ 18 മത്തെ വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു.2018 26 സെപ്റ്റംബർ ന്ഹെലിൻഹോ, ഇഗോർ ഗോംസ് എന്നിവരോടൊപ്പം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അതിനു ശേഷം ക്ലബ്ബുമായി 2023 വരെ കരാർ ഒപ്പിട്ടു.

ഗ്രെമിയോയ്‌ക്കെതിരെ 1-1 സമനിലയിൽ ഹെലിൻഹോയ്ക്ക് പകരക്കാരനായി ആന്റണി നവംബർ 15 -ന് ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു.ഈ സമയത്താണ് മുൻ സാവോപോളോ താരം ലൂക്കാസ് മൗറ ആന്റണിയുടെ അരങ്ങേറ്റത്തിന് തൊട്ടുപിന്നാലെ സ്വകാര്യമായി അഭിനന്ദിക്കുകയും ‘കഠിനാധ്വാനം’ ചെയ്യണമെന്നും മത്സരങ്ങൾ തുടരണമെന്നും പറഞ്ഞു.സാവോപോളോയിലെ പലർക്കും മൗറ റോൾ മോഡലാണ് .പല ബ്രസീലുകാരുടെയും പോലെ സമാനമായ സാമ്പത്തിക പരിമിതികളിലൂടെയാണ് ടോട്ടൻഹാം വിങ്ങർ വളർന്നത്, അദ്ദേഹത്തിന്റെ വിജയകഥ സാവോപോളോ പ്രദേശത്തുള്ളവർക്ക് വലിയ പ്രചോദനമാണ്. 2018 -ലെ ഈ നിമിഷം മുതൽ ആന്റണിയും മൗറയും സൗഹൃദം സ്ഥാപിച്ചു. ഇന്നും മൗറ അദ്ദേഹത്തെ ഒരു ‘നല്ല സുഹൃത്ത്’ എന്നാണ് വിശേഷിപ്പിക്കുന്നത്.

2018 ലെ അരങ്ങേറ്റത്തിനു ശേഷം ആന്റണി 2019 ലും മികവ് തുടർന്നു, 29 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ലീഗിൽ ആറ് അസിസ്റ്റുകളും നേടി. ആ സീസണിൽ ആന്റണിയുടെ പ്രകടനങ്ങൾ സ്കൗട്ടിംഗ് ഏജൻസികൾ ശ്രദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. 2020 ൽ 13 മില്യൺ ഡോളറിനു ഡച്ച് വമ്പന്മാരായ അയാക്സ് താരത്തെ സ്വന്തമാക്കി. ആദ്യ സീസണിൽ തന്നെ ഡച്ച് ചാമ്പ്യന്മാർക്കൊപ്പം 46 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടി വരവറിയിച്ചു.വലതു വിങ്ങിൽ കളിക്കുന്ന ഇടതു കാലനായ ആന്റണി അസാധാരണമായ വേഗതയും ബോൾ കോൺട്രോളിനും മികച്ച ഹോൾഡ്-അപ്പ് പ്ലേ, ഡ്രിബ്ലിംഗ്, പാസിംഗ് ഉടമയാണ്. ഈഡൻ ഹസാർഡിന് സമാനമായ രീതിയിൽ ആന്റണിക്ക് വളരെ വേഗത്തിൽ പന്തിന്റെ ദിശ മാറ്റാൻ കഴിയും, അതിനാൽ പ്രതിരോധ താരങ്ങളെ പെട്ടെന്ന് മറികടക്കാനാവും. ലോങ്ങ് റേഞ്ച് ഷോട്ടുകൾക്ക് മിടുക്കനാണ് താരം.

ചെൽസി ഹക്കിം സിയേച്ചിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ആന്റണിയെ അയാക്സ് സ്വന്തമാക്കിയത്. ഈ നീക്കം ശെരിവെക്കുന്ന പ്രകടനമാണ് താരം ആദ്യ സീസണിൽ പുറത്തെടുത്തത്.ആന്റണി ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും പക്വതയുള്ള യുവ കളിക്കാരിൽ ഒരാളാണ്. 22 കാരൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട് കൂടാതെ ഒരു ആൺകുട്ടിയുടെ പിതാവാണ്.”ഒരു യഥാർത്ഥ സ്വപ്നത്തെ മറികടന്ന്” എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു യുവ ബ്രസീലിയൻ ഫുട്ബോൾ കളിക്കാരന്റെ യാത്രയെ കുറിച്ചാണ്.2019 ൽ 19 വയസ്സുള്ളപ്പോൾ ആണ് ആന്റണി പുസ്തകം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. യുണൈറ്റഡ് അറ്റാക്കിൽ ആന്റണി അത്ഭുതങ്ങൾ കാണിക്കും എന്ന് പ്രതീക്ഷിക്കാം.മികച്ച പന്തടക്കവും പ്രതിരോധതാരങ്ങളെ കബളിപ്പിച്ചു മുന്നേറാനുള്ള വേഗതയും ഡ്രിബ്ലിങ് മികവുമുള്ള ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരക്ക് കൂടുതൽ കരുത്തു പകരുന്നതിനൊപ്പം ടീമിന് കൂടുതൽ ആത്മവിശ്വാസവും നൽകുമെന്ന കാര്യത്തിൽ സംശയമില്ല.കഴിഞ്ഞ രണ്ടു സണുകളിലായി ചാമ്പ്യൻസ് ലീഗിലും ഡച്ച് ലീഗിലും പുതിയ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിന് കീഴിൽ മികച്ച പ്രകടനമാണ് നടത്തിയത്. ഈ സീസണിൽ യുണൈറ്റഡ് നടത്തുന്ന അഞ്ചാമത്തെ സൈനിങ്ങാവും ബ്രസീലിയൻ താരത്തിന്റേത്.

Rate this post
AntonyBrazilManchester United