അരങ്ങേറ്റത്തിൽ ഗോളടിച്ച് കൊണ്ട് താരമായി മാറി ആന്റണി, പിറന്നത് ചില റെക്കോർഡുകൾ |Antony

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സണലിന്റെ വിജയ പരമ്പരക്ക് വിരാമമിടാൻ കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നലെ സാധിച്ചിരുന്നു.ഓൾഡ് ട്രഫോഡിലെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് യുണൈറ്റഡ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഈ സീസണിൽ ആദ്യമായാണ് ആർട്ടീറ്റ പോയിന്റുകൾ ഡ്രോപ്പ് ചെയ്യുന്നത്.

സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിന്റെ മികവിലാണ് ഈ മിന്നുന്ന വിജയം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിട്ടുള്ളത്.യുണൈറ്റഡ് നേടിയ എല്ലാ ഗോളുകളിലും കോൺട്രിബൂഷൻ വഹിക്കാൻ ഇത് താരത്തിന് കഴിഞ്ഞു. രണ്ട് ഗോളുകൾ നേടിയ റാഷ്ഫോർഡ് ആന്റണി നേടിയ ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു.

ഓൾഡ് ട്രഫോഡിലെ കാണികളെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ചത് ബ്രസീലിയൻ സൂപ്പർതാരമായ ആന്റണിയുടെ ഗോളാണ്. അരങ്ങേറ്റ മത്സരത്തിൽ തന്നെ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ ഗോൾ നേടി കൊണ്ട് ആഘോഷിക്കാനുള്ള ഭാഗ്യം ആന്റണിക്ക് വന്നു ചേരുകയായിരുന്നു. മാത്രമല്ല ഇതോടെ കൂടി ഒരു റെക്കോർഡ് ആന്റണി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന നൂറാമത്തെ ബ്രസീലിയൻ താരമാണ് ആന്റണി. മാത്രമല്ല പ്രീമിയർ ലീഗിൽ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരമെന്ന ഖ്യാതിയാണ് ഇപ്പോൾ ആന്റണി സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തിരിക്കുന്നത്.ഇന്നലെ ഗോൾ നേടുമ്പോൾ ആന്റണിയുടെ പ്രായം 22 വർഷവും 192 ദിവസവുമാണ്. പ്രീമിയർ ലീഗിൽ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ താരം ആരാണ് എന്ന് ചോദിച്ചാൽ അതിനുത്തരം ഇനി ആന്റണി എന്നാണ്.

ഈ 2022 /23 സീസണിൽ ആകെ നാലു മത്സരങ്ങളാണ് ആന്റണി കളിച്ചിട്ടുള്ളത്.ഈ നാല് മത്സരങ്ങളിലും ഗോൾ പങ്കാളിത്തം നേടാൻ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ മൂന്നു മത്സരങ്ങളും ഡച്ച് ക്ലബായ അയാക്സിന് വേണ്ടിയായിരുന്നു. പിഎസ്വിക്കെതിരെ ഗോൾ നേടിയ ആന്റണി ഫോർച്ചുന സിറ്റാർഡിനെതിരെ അസിസ്റ്റും ഗ്രോനിങ്കനെതിരെ ഗോളും അസിസ്റ്റും കരസ്ഥമാക്കുകയായിരുന്നു. ഇതിനെ പിന്നാലെയാണ് താരം ഇപ്പോൾ യുണൈറ്റഡിന് വേണ്ടി ആഴ്സണലിനെതിരെ ഗോൾ നേടിയിട്ടുള്ളത്.

ഏതായാലും വരുന്ന മത്സരങ്ങളിൽ ആന്റണി യുണൈറ്റഡിന് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. താരം തന്റെ നിലവിലെ അത്യുജ്ജ്വല ഫോം ഇനിയും തുടരുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
AntonyManchester United