ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിൽ നിന്നും സെൻസേഷണൽ ബ്രസീലിയൻ വിംഗർ ആന്റണിയുടെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. 22-കാരൻ ഓൾഡ് ട്രാഫോർഡിൽ അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടത്.ആഡ്-ഓണുകൾ ഉൾപ്പെടെ 100 ദശലക്ഷം യൂറോയുടെ ഇടപാടിലാണ് താരം യൂണൈറ്റഡിലെത്തുന്നത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുണൈറ്റഡ് കളിക്കാർക്കായി ഏകദേശം 200 ദശലക്ഷം യൂറോ ചിലവഴിച്ചിട്ടുണ്ട്. ആന്റണിയെ കൂടാതെ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ എറിക്സൺ, ടൈറൽ മലേഷ്യ, കാസെമിറോ എന്നിവരെയാണ് യുണൈറ്റഡ് ടീമിലെത്തിച്ചിരിക്കുന്നത്. “ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നിൽ ചേരുന്നത് എന്റെ കരിയറിലെ അവിശ്വസനീയമായ നിമിഷമാണ്. എന്നിൽ വിശ്വസിച്ച എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും എന്റെ എല്ലാ പരിശീലകരോടും ടീമംഗങ്ങളോടും ഞാൻ നന്ദിയുള്ളവനാണ്. കാരണം അവരില്ലാതെ എനിക്ക് ഇവിടെ എത്താൻ കഴിയുമായിരുന്നില്ല” കരാർ ഒപ്പിട്ടതിനു ശേഷം ബ്രസീലിയൻ പറഞ്ഞു.
“ലോകത്തിലെ ഏറ്റവും വലിയ ക്ലബിന്റെ ജേഴ്സിയാണ് ഞാൻ ധരിച്ചിരിക്കുന്നത് , ഈ ജേഴ്സിയിൽ കളിക്കളത്തിലിറങ്ങാനും ആരാധകരെ കാണാനും ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.വളരെയധികം സ്നേഹം, നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം ” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ബ്രസീലിയൻ വിംഗർ ഇങ്ങനെ പറഞ്ഞത്.
💬 Speaking of @LisandrMartinez…@Antony00 opens up on his friendship with our no.6 and his competitive playing style ⬇#MUFC
— Manchester United (@ManUtd) September 1, 2022
യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് രണ്ടു വർഷത്തോളം അയാക്സിൽ ആന്റണിയുമായി പ്രവർത്തിച്ചിട്ടുണ്ട്.ആംസ്റ്റർഡാമിൽ 84 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 22 അസിസ്റ്റുകളും ആന്റണി നേടിയിട്ടുണ്ട്.