മികച്ച താരങ്ങളോടൊപ്പം കളിക്കാനായതിൽ സന്തോഷം, ഇത് സ്വപ്നസാക്ഷാൽക്കാരം, ബാഴ്സയിലെ അരങ്ങേറ്റത്തെ കുറിച്ച് പെഡ്രി പറയുന്നു !

ഇന്നലെ നടന്ന ബാഴ്‌സയുടെ സൗഹൃദമത്സരത്തിൽ അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചയാളാണ് പതിനേഴുകാരനായ പെഡ്രി. മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സി, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവർക്കൊപ്പം ആദ്യ ഇലവനിൽ തന്നെ മുന്നേറ്റനിരയിൽ സ്ഥാനം പിടിക്കാൻ ഈ യുവതാരത്തിന് കഴിഞ്ഞിരുന്നു. ആദ്യ പകുതിയിൽ മുഴുവൻ സമയവും താരത്തിന് കളത്തിൽ ചിലവഴിക്കാൻ സാധിച്ചിരുന്നു. ഇതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണിപ്പോൾ ഈ താരം.

സ്വപ്നസാക്ഷാൽക്കാരം എന്നാണ് പെഡ്രി ഇന്നലത്തെ അരങ്ങേറ്റത്തെ കുറിച്ച് പറഞ്ഞത്. ക്യാമ്പ് നൗവിൽ അല്ലായിരുന്നുവെങ്കിലും സ്വപ്നം പൂവണിഞ്ഞതിൽ താൻ സന്തോഷവാനാണ് എന്നാണ് പെഡ്രി അറിയിച്ചത്. മാത്രമല്ല മികച്ച താരങ്ങളോടൊപ്പം കളിക്കാൻ കഴിഞ്ഞത് തന്നെ വളരെയധികം സന്തുഷ്ടനാക്കിയെന്നും പെഡ്രി കൂട്ടിച്ചേർത്തു. ആദ്യത്തെ ഗോളിൽ തന്റേതായ പങ്കാളിത്തം വഹിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബോളിനെ പോകാൻ അനുവദിച്ചാൽ ആരെങ്കിലും ഗോൾ സ്കോർ ചെയ്യാൻ അവിടെ ഉണ്ടാവുമെന്ന് തനിക്കറിയാമായിരുന്നുവെന്നും പെഡ്രി അറിയിച്ചു. ഡെംബലെ നേടിയ ഗോളിനെ കുറിച്ചാണ് പെഡ്രി പരാമർശിച്ചത്.

” മത്സരം ക്യാമ്പ് നൗവിൽ അല്ലായിരുന്നുവെങ്കിലും എന്റെ സ്വപ്നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. ഏറ്റവും മികച്ച താരങ്ങളോടൊപ്പം കളിക്കുക എന്നുള്ളത് എപ്പോഴും സംഭവിക്കുന്ന കാര്യമല്ല. അതിനാൽ തന്നെ ഞാൻ സന്തോഷവാനാണ്. ഞാൻ കളിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്ന് ഞാൻ കരുതുന്നില്ല. ഈ ടീമിലേക്ക് പുതുതായി എന്തെങ്കിലും കൊണ്ടുവരാൻ എനിക്ക് കഴിയും. ഞാൻ എല്ലായിടത്തും കളിക്കാനാണ് ശ്രമിക്കുന്നത്. ഞാൻ അത്‌ ഇഷ്ടപ്പെടുന്നു. ഒരു പത്താം നമ്പറിനെ പോലെ എല്ലായിടത്തും ഇടപെടാനാണ് എന്നോട് കൂമാൻ ആവിശ്യപ്പെട്ടത്. എനിക്ക് ആവുന്ന പോലെ എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ അദ്ദേഹം എന്നോട് ആവിശ്യപ്പെട്ടു ” പെഡ്രി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ ജിംനാസ്റ്റിക്കിനെ തോൽപ്പിച്ചത്. ബാഴ്‌സക്ക് വേണ്ടി ഉസ്മാൻ ഡെംബലെ, അന്റോയിൻ ഗ്രീസ്‌മാൻ, ഫിലിപ്പെ കൂട്ടീഞ്ഞോ എന്നിവർ ഗോൾ നേടി. ഇതിൽ കൂട്ടീഞ്ഞോയും ഗ്രീസ്‌മാനും നേടിയ ഗോളുകൾ പെനാൽറ്റിയിലൂടെയായിരുന്നു. ഈ മാസം ഇരുപത്തിയേഴിന് വിയ്യാറയലിനെതിരെയാണ് ബാഴ്സ ആദ്യ ലീഗ് മത്സരം കളിക്കുന്നത്.

Rate this post
Fc BarcelonaLa LigaPedri