ദിവസങ്ങൾക്കു മുൻപാണ് ബാഴ്സലോണ പ്രതിരോധം ദുർബലമാണെന്ന് പരിശീലകൻ കൂമാൻ തന്നെ സമ്മതിച്ചത്. മാഞ്ചസ്റ്റർ സിറ്റി പ്രതിരോധതാരം എറിക് ഗാർസിയയെ സ്വന്തമാക്കാനുള്ള ബാഴ്സയുടെ നീക്കങ്ങൾ ഇതിന്റെ ഭാഗമായാണെന്ന സൂചനകളും അദ്ദേഹം നൽകി. എന്നാൽ സെവിയ്യക്കെതിരായ മത്സരത്തോടെ ഈ പ്രതിസന്ധിക്ക് ബാഴ്സ പരിഹാരം കണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
സെൽറ്റ വിഗോക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയതിനാൽ സസ്പെൻഷനിലായ ലെങ്ലറ്റിനു പകരക്കാരനായിറങ്ങിയ യുറുഗ്വയ് താരം റൊണാൾഡ് അറൗഹോയുടെ മികച്ച പ്രകടനമാണ് ബാഴ്സക്കു പ്രതീക്ഷ പകരുന്നത്. മത്സരത്തിൽ കാര്യമായൊരു പിഴവു പോലും വരുത്താതിരുന്ന താരം കരുത്തരായ സെവിയ്യക്കെതിരെ പാസുകളും ക്ലിയറൻസുകളുമായി കളം നിറയുകയും ചെയ്തു.
മത്സരത്തിനു ശേഷം ബാഴ്സ പരിശീലകൻ കൂമാൻ താരത്തെ പ്രശംസിക്കുകയുമുണ്ടായി. മികച്ച മത്സരം കാഴ്ച വെച്ച താരം ആത്മവിശ്വാസവും തന്റെ കായികമികവും കാണിച്ചു തന്നുവെന്നും ടീമിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ചുവെന്നും കൂമാൻ പറഞ്ഞു. താരത്തിനു ടീമിൽ ഭാവിയുണ്ടെന്നും ചെറിയ പോരായ്മകൾ നികത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തിയൊന്നുകാരനായ താരത്തിന്റെ മികച്ച പ്രകടനം പുതിയ പ്രതിരോധ താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും ബാഴ്സയെ പിന്തിരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. അതേ സമയം ഉംറ്റിറ്റി ടീമിനു തലവേദനയായി തുടരുകയാണ്. പരിക്കിന്റെ പ്രശ്നങ്ങൾ അലട്ടുന്ന താരം ടീമിൽ തുടരുന്നതു മൂലം പുതിയ കളിക്കാരനെ സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യമാണ് ബാഴ്സക്കുള്ളത്.