അർജന്റീന താരം ഇനി സൗദിയിൽ കളിക്കും

അഞ്ച് വർഷക്കാലം സെവിയ്യയിലെ ഒഴിച്ച്കൂടാനാവാത്ത താരമായിരുന്ന എവർ ബനേഗ ഒടുക്കം ക്ലബിന്റെ പടികളിറങ്ങുന്നു. ഇന്ന് നടക്കുന്ന യൂറോപ്പ ലീഗ് ഫൈനൽ താരത്തിന്റെ സെവിയ്യ ജേഴ്സിയിൽ ഉള്ള അവസാനമത്സരമായിരിക്കുമെന്ന് മുൻപേ അറിയിച്ചതാണ്. ഒരു കിരീടനേട്ടത്തോടെ പടിയിറങ്ങാനുള്ള അവസരമാണ് ഈ അർജന്റൈൻ താരത്തിന് ലഭിച്ചിട്ടുള്ളത്. സെവിയ്യ വിട്ട് സൗദിയിലേക്ക് ആണ് ബനേഗ കൂടുമാറുന്നത്. സൗദി ക്ലബായ അൽ ശബാബുമായി താരം മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

മുപ്പത്തിരണ്ടുകാരനായ താരം ഇന്നത്തോട് കൂടി സെവിയ്യയോട് വിടപറയും. സെവിയ്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞ മൂന്നാമത്തെ താരമാണ് ബനേഗ. ഡാനിയൽ കറിക്കൊ, ജീസസ് നവാസ് എന്നിവരാണ് താരത്തിന് മുകളിലുള്ളത്. അർജന്റൈൻ ക്ലബ് ബൊക്ക ജൂനിയേഴ്‌സിലൂടെ വളർന്നു വന്ന താരം 2008-ൽ വലൻസിയയിലേക്ക് ചേക്കേറുകയായിരുന്നു. വലൻസിയക്ക് വേണ്ടി 2014 വരെ താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഈ കാലയളവിൽ അത്ലറ്റികോ മാഡ്രിഡ്‌, ന്യൂവെൽ ഓൾഡ് ബോയ്സ് എന്നിവയിലേക്ക് ലോണിലും പോയിരുന്നു.

2014-ലാണ് താരം സെവിയ്യയിൽ എത്തുന്നത്. 2015 യൂറോപ്പ ലീഗിലും 2016 യൂറോപ്പ ലീഗിലെ ഫൈനലുകളിൽ താരം പുറത്തെടുത്ത പ്രകടനം ആരും മറക്കാൻ വഴിയില്ല. ആ രണ്ട് കിരീടം നേടുന്നതിലും നിർണായകപങ്ക് ബനേഗയുടെ വകയായിരുന്നു. തുടർന്ന് 2016-ൽ താരം ഇന്റർമിലാനിലേക്ക് പോയി. എന്നാൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിയാത്തതിനാൽ താരം അടുത്ത വർഷം തന്നെ സെവിയ്യയിൽ തിരിച്ചെത്തി. വീണ്ടും അദ്ദേഹം തന്റെ മികവ് പ്രകടിപ്പിച്ചു. ഒടുവിൽ മൂന്ന് വർഷത്തിന് ശേഷം അൽ ശബാബിന്റെ ഓഫർ സ്വീകരിക്കുകയായിരുന്നു. താരത്തിന്റെ പ്രതിഭക്ക് ഒരു പോറലും പറ്റിയില്ല എന്നതിനുള്ള തെളിവായിരുന്നു യൂണൈറ്റഡിനെതിരെ നടന്ന സെമി ഫൈനൽ മത്സരം. സെവിയ്യക്ക് വേണ്ടി 237 മത്സരങ്ങൾ ആകെ കളിച്ച താരം 29 ഗോളും 38 അസിസ്റ്റും നേടി. രണ്ട് യൂറോപ്പ ലീഗ് കിരീടം സെവിയ്യക്ക് ഒപ്പം നേടിയ ബനേഗ ഏഴ് ഫൈനലുകൾ കളിച്ചിട്ടുണ്ട്. അർജന്റീനക്ക് വേണ്ടി അറുപതിൽ പരം മത്സരങ്ങൾ ബനേഗ കളിച്ചിട്ടുണ്ട്. താരത്തിന് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാനാവുമോ എന്നാണ് ആരാധകർ നോക്കുന്നത്.

Rate this post