ഇന്ന് നടന്ന ഇന്റർനാഷണൽ ഫ്രണ്ട്‌ലി മത്സരത്തിൽ ഒരു തകർപ്പൻ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.അമേരിക്കയിലെ മിയാമിയിൽ വെച്ച് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഹോണ്ടുറാസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ എപ്പോഴും ആധിപത്യം പുലർത്തിയ അർജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ലിയോ മെസ്സിയുടെ ഇരട്ട ഗോളാണ് ഈ മത്സരത്തിന്റെ സവിശേഷത. ഒരു ഗോൾ പെനാൽറ്റിയിലൂടെയാണെങ്കിൽ രണ്ടാം ഗോൾ അതിമനോഹരമായ ഒരു ഗോളായിരുന്നു. ഗോൾകീപ്പറെ പൂർണ്ണമായും നിഷ്പ്രഭനാക്കിക്കൊണ്ട് തലക്ക് മുകളിലൂടെ മെസ്സി ബോൾ ചിപ്പ് ചെയ്തുകൊണ്ട് വലയിൽ എത്തിക്കുകയായിരുന്നു. അർജന്റീനയുടെ ആദ്യത്തെ ഗോൾ പിറന്നിരുന്നത് ലൗറ്ററോ മാർട്ടിനസിന്റെ ബൂട്ടുകളിൽ നിന്നുമായിരുന്നു.
ഈ ജയത്തോടുകൂടി അർജന്റീന ഇപ്പോൾ 34 മത്സരങ്ങളിൽ അപരാജിത കുതിപ്പ് നടത്തിയിട്ടുണ്ട്.അതായത് ഈ 34 മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. 2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതാണ് അർജന്റീനയുടെ അവസാനത്തെ തോൽവി. അതിനുശേഷം നടന്ന മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ചിലിയെ തകർത്തുകൊണ്ടാണ് അർജന്റീന ഈ അപരാജിത കുതിപ്പ് ആരംഭിച്ചത്.
ഈ അപരാജിത കുതിപ്പിനിടയിൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്കയും വലിയ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും നേടാൻ മെസ്സിപ്പടക്ക് കഴിഞ്ഞു. ഒരു പരാജയം അർജന്റീന അറിഞ്ഞിട്ട് മൂന്നു വർഷങ്ങളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. മാത്രമല്ല ഒരു റെക്കോർഡ് കൂടി ഇപ്പോൾ അർജന്റീനയെ കാത്തിരിക്കുന്നുണ്ട്.
Argentina beat Honduras 3-0 and are now 34 games unbeaten.
— B/R Football (@brfootball) September 24, 2022
They are 4 games away from breaking Italy’s record.
1️⃣ Friendly: Jamaica 🇯🇲
2️⃣ World Cup: Saudi Arabia 🇸🇦
3️⃣ World Cup: Mexico 🇲🇽
4️⃣ World Cup: Poland 🇵🇱 pic.twitter.com/jfdBTWwGF3
ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും വലിയ അപരാജിത കുതിപ്പ് നടത്തിയത് ഇറ്റലിയാണ്.2018/21 കാലയളവിൽ 37 മത്സരങ്ങളിലാണ് ഇറ്റലി പരാജയം അറിയാതെ കുതിച്ചത്. ഈ റെക്കോർഡ് തകർക്കണം എങ്കിൽ അർജന്റീന ഇനിയുള്ള നാല് മത്സരങ്ങളിൽ പരാജയം അറിയാതെ മുന്നോട്ടുപോകണം. ഇനി അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം ജമൈക്കക്കെതിരെയാണ്. ആ മത്സരത്തിൽ പരാജയപ്പെടാതെ ഇരുന്നാൽ 35 അൺബീറ്റൺ റൺ നടത്തിയ ബ്രസീൽ,സ്പെയിൻ എന്നിവർക്കൊപ്പം എത്താൻ അർജന്റീനക്ക് കഴിയും.
പിന്നീട് വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങൾ അർജന്റീനയെ കാത്തിരിക്കുന്നുണ്ട്. സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരങ്ങളിലും തോൽക്കാതെ ഇരുന്നാൽ ഇറ്റലിയുടെ റെക്കോർഡ് അർജന്റീന തകർത്തേക്കും.വേൾഡ് കപ്പിന് മുന്നേ ഇനി സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമോ എന്നുള്ളതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.ഏതായാലും അർജന്റീന ഈ റെക്കോർഡ് തങ്ങളുടെ പേരിൽ എഴുതിച്ചേർക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.