ഖത്തർ വേൾഡ് കപ്പിനുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി അധികം നാളുകൾ ഒന്നുമില്ല. വരുന്ന നവംബർ ഇരുപതാം തീയതിയാണ് വേൾഡ് കപ്പിന് തുടക്കമാവുക. ലയണൽ മെസ്സിയുടെ അർജന്റീനയുടെ പ്രകടനത്തിന് വേണ്ടി കാത്തിരിക്കുന്ന ആരാധകർ ലോകമെമ്പാടുമുണ്ട്.
അർജന്റീനയുടെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾക്കാണ് ഡിമാൻഡ് കൂടുതൽ എന്നുള്ളത് നേരത്തെ തന്നെ പുറത്ത് വന്ന കാര്യമാണ്. അർജന്റീനയുടെ രണ്ട് മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റ് തീർന്നിരുന്നു. അവസാനഘട്ട വില്പനക്ക് ഫിഫ തുടക്കം കുറിച്ചത് എന്നായിരുന്നു.
ഇപ്പോഴിതാ മറ്റൊരു കണക്കു കൂടി പുറത്തു വന്നിട്ടുണ്ട്. അവസാന ഘട്ട വിൽപന തുടങ്ങിയ ഉടൻതന്നെ അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ വിറ്റ് തീർന്നിട്ടുണ്ട്. ഖത്തർ വേൾഡ് കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളുടെയും ടിക്കറ്റ് വിറ്റ് തീരുന്ന ആദ്യത്തെ ടീമായി മാറാൻ ഇപ്പോൾ അർജന്റീനക്ക് സാധിക്കുകയും ചെയ്തിട്ടുണ്ട്.
വേൾഡ് കപ്പിന്റെ ഗ്രൂപ്പ് സിയിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. നവംബർ ഇരുപത്തിരണ്ടാം തീയതി സൗദി അറേബ്യക്കെതിരെയാണ് അർജന്റീന തങ്ങളുടെ ആദ്യത്തെ മത്സരം കളിക്കുക. പിന്നീട് നവംബർ 27 ആം തീയതി മെക്സിക്കോക്കെതിരെ അർജന്റീന കളിക്കും. ഡിസംബർ ഒന്നാം തീയതി നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ഈ മൂന്ന് മത്സരങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളുമാണ് ഇപ്പോൾ വിറ്റഴിഞ്ഞിട്ടുള്ളത്.ESPN ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🇦🇷 Argentina is the FIRST National Team to sell out ALL the tickets for its first three games in the World Cup. 🔥 pic.twitter.com/WbpP2nqOwH
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 27, 2022
അർജന്റീനയുടെ ടിക്കറ്റുകൾക്ക് ഇത്രയധികം ഡിമാൻഡ് വരാനുള്ള പ്രധാനപ്പെട്ട കാരണം ലയണൽ മെസ്സി തന്നെയാണ്. താരത്തിന്റെ അവസാന വേൾഡ് കപ്പ് ആയി കൊണ്ടാണ് ഇത്തവണത്തെ വേൾഡ് കപ്പിനെ വിലയിരുത്തുന്നത്. മാത്രമല്ല അർജന്റീന ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നത് കൊണ്ട് ആരാധകർക്ക് വലിയ പ്രതീക്ഷകളുണ്ട്. ഏതായാലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അർജന്റീന മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുമെന്നാണ് ആരാധകർ കരുതുന്നത്.