❝കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിന് അർജന്റീനയെ എതിരാളികളായി കിട്ടണം❞ ; നെയ്മർ

ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്കയിലെ ആദ്യ സെമിയിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ബ്രസീൽ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. നാളെ പുലർച്ചെ നടക്കുന്ന അർജന്റീന കൊളംബിയ മത്സരത്തിലെ വിജയിയാണ് ബ്രസീൽ ഫൈനലിൽ ഏറ്റുമുട്ടേണ്ടത്. മുപ്പത്തിയഞ്ചാം മിനുട്ടിൽ നെയ്‌മറുടെ അസിസ്റ്റിൽ ഫ്രഞ്ച് ക്ലബായ ലിയോൺ താരം ലൂകാസ് പക്വറ്റ ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കൊളംബിയയ്‌ക്കെതിരെ അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ബ്രസീൽ സൂപ്പർതാരം നെയ്മർ. ഞായറാഴ്ച മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ അർജന്റീനയെ എതിരാളികളായി കിട്ടണമെന്നാണ് ആഗ്രഹമെന്നും നെയ്മർ വ്യക്തമാക്കി.

ഫൈനലില്‍ എനിക്ക് അര്‍ജന്റീനക്കെതിരെ കളിക്കണം എന്നാണ് ആഗ്രഹം. കാരണം അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ ജയിക്കും, ചിരി നിറച്ച് നെയ്മര്‍ പറഞ്ഞു, മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൂപ്പർ താരം ആഗ്രഹം വെളിപ്പെടുത്തിയത്.അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ലാ ലിഗയിൽ ബാഴ്സലോണ ജഴ്സിയിൽ ഇരുവരും ഒന്നിച്ചു കളിച്ചിരുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമായത്. പിന്നീട് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മറിനെ ബാർസയിൽ തിരിച്ചെത്തിക്കാൻ മെസ്സി നടത്തിയ ഇടപെടലുകളും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അർജന്റീന ടീമിലെ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേദസ് എന്നിവർ ഫ്രഞ്ച് ലീഗിൽ നെയ്മറിനൊപ്പം പിഎസ്ജിയിലെ താരങ്ങളുമാണ്. ബ്രസീലിനൊപ്പം ആദ്യ കോപ്പ കിരീടമാണ് നെയ്മർ ലക്ഷ്യമിടുന്നത്. 2019 ൽ ബ്രസീൽ കിരീടം നേടിയപ്പോൾ പരിക്ക് മൂലം നെയ്മർക്ക് വിജയിച്ച ടീമിന്റെ ഭാഗമാവാൻ സാധിച്ചില്ല.അതുകൊണ്ടു തന്നെ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും നെയ്മർ ലക്ഷ്യമിടുന്നില്ല.

2007 ൽ വെനസ്വേലയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്, ആ മത്സരത്തിൽ ബ്രസീൽ 3-0ന് വിജയിച്ച് കിരീടം നേടിയിരുന്നു. ഇരുവരും കലാശ പോരാട്ടത്തിനിറങ്ങുമ്പോൾ ആധുനിൿ ഫുട്ബോളിലെ മികച്ച രണ്ടു പത്താം നമ്പർ താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടി ആയിരിക്കും.രണ്ട് കളിക്കാർക്കും ഇതുവരെ മികച്ച ടൂർണമെന്റ് തന്നെയായിരുന്നു കോപ്പ.നെയ്മർ രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയപ്പോൾ മെസ്സിക്ക് നാല് ഗോളുകളും നാല് അസിസ്റ്റുകളും നേടി.