അർജന്റീന അവസാനമായി ലോകകപ്പ് നേടുമ്പോൾ സൂപ്പർ താരം ലയണൽ മെസ്സി ജനിച്ചിട്ടില്ല. 36വർഷങ്ങൾക്ക് മുൻപ് ഇതിഹാസ താരം മറഡോണയിലൂടെയാണ് അര്ജന്റീന അവസാനമായി കിരീടത്തിൽ മുത്തമിട്ടത്. 1990 ലും 2014 ലും ഫൈനലിൽ കീഴടങ്ങാനായിരുന്നു വിധി.
എല്ലാ വേൾഡ് കപ്പിലും കിരീടം നേടാനുള്ളവരുടെ കൂട്ടത്തിൽ മുൻ പന്തിയിൽ നമുക്ക അർജന്റീനയെ കാണാൻ സാധിക്കും. എന്നാൽ പലപ്പോഴും പ്രതീക്ഷകൾക്ക് വിപരീതമായ പ്രകടനമാണ് അവരിൽ നിന്നും ഉണ്ടാവാറുള്ളത്. 2022 ഖത്തറിൽ എത്തുമ്പോഴും അതിൽ മാറ്റമൊന്നുമില്ല , പക്ഷെ മുൻ ലോകകപ്പുകളെ അപേക്ഷിച്ച് ഫുട്ബോൾ വിദഗ്ദന്മാരും , മുൻ താരങ്ങളും , നിലവിൽ സജീവമായി നിലനിൽക്കുന്ന താരങ്ങളും അർജന്റീനക്ക് ഒരു മേൽക്കോയ്മ നൽകുന്നുണ്ട്. ക്രോയേഷ്യൻ സൂപ്പർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് , സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക് , ജർമൻ സ്‌ട്രൈക്കർ റിമോ വെർനെർ തുടങ്ങി നിരവധി താരങ്ങൾ 2022 ൽ അര്ജന്റീന കിരീടം നേടുമെന്നുറപ്പിച്ചു പറയുന്നുണ്ട്.
ലയണൽ മെസ്സിയുടെ മികച്ച ഫോമും ,മുന്നിൽ നിന്നും നയിക്കാനുള്ള കഴിവും , സൂപ്പർ താരത്തിന് കീഴിൽ ഒരു യൂണിറ്റായിൽ സഹ താരങ്ങൾ വിജയത്തിനായി പൊരുതുന്നതുമെല്ലാം അവരെ കൂടുതൽ പ്രിയപ്പെട്ടവരും അപകടകാരികളും അയക്കുന്നുണ്ട്. കഴിഞ്ഞ 15 വർഷത്തിന് മുകളിലായി അര്ജന്റീന ജേഴ്സിയണിയുന്ന മെസ്സിയെയല്ല കഴിഞ്ഞ കുറച്ചു വർഷമായി നമുക്ക കാണാൻ സാധിക്കുന്നത്. പരിശീലകൻ ലയണൽ സ്കെലോണിയുടെ കീഴിൽ പുതിയൊരു മെസ്സിയെ നമുക്ക കാണാൻ സാധിക്കുന്നുണ്ട്. തന്റെ ഏറ്റവും മികച്ച സമയത്ത് ബാഴ്സലോണ ജേഴ്സിയിൽ കണ്ട വിജയത്തിനായി ഏത് അറ്റം വരെയും പോരാടാൻ കഴിവുള്ള മെസ്സിയെ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കും.
വ്യക്തിഗത മികവിനേക്കാൾ ടീമിന് വേണ്ടി വിയർപ്പൊഴുക്കുന്ന ഒരു മെസ്സിയെ കാണാൻ സാധിക്കും. മെസിക്ക് വേണ്ടി മരിക്കാൻ വരെ തയ്യറായി നിക്കുന്ന ഒരു കൂട്ടം കളിക്കാർ അർജന്റീനയെ പുതിയ ഉയരങ്ങളിൽ എത്തിക്കുകയാണ്. മെസ്സിയുടെ സാനിധ്യം അവർക്ക് നൽകുന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. മെസ്സിയുടെ വാക്കുകളും തന്ത്രങ്ങലും മൈതാനത്ത് നടപ്പിലാക്കാൻ അവർ മത്സരിക്കുന്നത് കാണാൻ സാധിക്കും.ശരാശരി താരങ്ങൾ പോലും അര്ജന്റീന ജേഴ്സിയിൽ അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമുക്ക് കാണാൻ സാധിച്ചു.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. 2021 ലെ കോപ്പ വിജയത്തിൽ നിർണായകമായ താരം അര്ജന്റീന ജേഴ്സിയിൽ ലോകോത്തര പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒരു `ഓർക്കസ്ട്ര നിയന്ത്രിക്കുന്ന ഒരു കണ്ടക്ടരെ പോലെയാണ് മെസ്സി അർജന്റീനയെ മുന്നോട്ട് കൊണ്ട് പോകുന്നത്. എതിരാളിയയുടെ തന്ത്രത്തിന് അനുസരിച്ചും കളിയുടെ ഗതിക്കനുസരിച്ചും ടീമിന്റെ വേഗതയിലും ശൈലിയിലും താളത്തിലും മാറ്റങ്ങൾ വരുത്തുന്ന മെസ്സി മൈതാനത്തിന്റെ എല്ലാ ഭാഗത്തും തന്റെ സാനിധ്യം അറിയിക്കും. ടീമിന് ഏത് റോളിലാണ് തന്റെ ആവശ്യം എന്ന് മനസ്സിലാക്കി കളിക്കാൻ മെസ്സിക്ക് ഇപ്പോഴും സാധിക്കുന്നുണ്ട്. ഫൈനലിസമിയിൽ ഇറ്റലിക്കെതിരെ രണ്ടു അസിസ്റ്റുമായി ഒരു പ്ലേ മേക്കറുടെ റോളിൽ തിളങ്ങിയപ്പോൾ എസ്റ്റോണിയക്കെതിരെ അഞ്ചു ഗോളുകൾ നേടി ഒരു ഗോൾ സ്‌കോറർ ആയി മെസ്സി മാറിയിരിക്കുകയാണ്.ഹോണ്ടുറാസിനെതിരെയും ജമൈക്കയ്ക്കെതിരെയുമുള്ള ലോകകപ്പിന് മുന്നോടിയായുള്ള രണ്ടു സൗഹൃദ മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടാനും മെസ്സിക്ക് സാധിച്ചു.
അർജന്റീനയുടെ ഈ കുതിപ്പിന് പിന്നിൽ ലയണൽ സ്കെലോണി എന്ന പരിശീലകന്റെ പങ്കു വിസ്മരിക്കാൻ സാധിക്കാത്തതാണ്. മെസ്സിയെ ഏറ്റവും നന്നായി ഉപയോഗിച്ച അർജന്റീനിയൻ പരിശീലകനാണ് സ്കെലോണി.അർജൻറീനിയൻ ജേഴ്സിയിൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിച്ചതും സ്കെലോണിയുടെ കീഴിലാണ്. 35 കാരന് ഏറ്റവും അനുയോജ്യമായ പൊസിഷനിൽ കളിപ്പിച്ച സ്കെലോണി അദ്ദേഹത്തിൽ നിന്നും ഏറ്റവും മികച്ചത് നേടിയെടുക്കുകയും ചെയ്തു.2018 ലെ റഷ്യ വേൾഡ് കപ്പിലെ അർജന്റീനയുടെ മോശം പ്രകടനത്തിന് ശേഷമാണ് മുൻ ദേശീയ താരം കൂടിയായ സ്കെലോണി പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.
അടുത്ത വര്ഷം നടന്ന കോപ്പ അമേരിക്ക ആയിരുന്നു സ്കെലോണിയുടെ ആദ്യ വലിയ ദൗത്യം. എന്നാൽ സെമിയിൽ തൊട്ട് പുറത്തായതോടെ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു.എന്നാൽ മൂന്നാം സ്ഥതിനുള്ള മത്സരത്തിൽ ചിലിക്കെതിരായ 2-1 ന്റെ വിജയം പലതും ഉറപ്പിച്ചുള്ളതായിരുന്നു.പിന്നീടങ്ങോട്ട് സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു.
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . അതിന്റെ ഫലമായിരുന്നു കോപ്പ അമേരിക്ക . ഫൈനലിസിമ കിരീടങ്ങൾ.ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.തോൽവി അറിയാതെ മുന്നേറി കൊണ്ടിരിക്കുന്ന അവസാന 35 മത്സരങ്ങളിൽ 22 മത്സരങ്ങളോളത്തിൽ അവർ ഗോൾ വഴങ്ങിയിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരത്തിന്റെ സാന്നിധ്യവുമെല്ലാം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്.പന്തിന്മേലും ആക്രമണത്തിലും പൂർണമായും ആധിപത്യം പുലർത്തുന്ന അർജന്റീനയെയാണ് കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിക്കുന്നത്. സുന്ദര ഫുട്ബോളിനേക്കാൾ ഉപരി ഗോളടിക്കുക മത്സരം വിജയിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അവർ മൈതാനത്ത് ഇറങ്ങുന്നത്. ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പിൽ ഇവരിൽ നിന്നും ആരാധകർക്ക് പലതും പ്രതീക്ഷിക്കാം. ഡീഗോ യുഗത്തിന് ശേഷം വീണ്ടുമൊരു ലോകകിരീടം അർജന്റീനയിൽ എത്തുന്നതിനായി നമുക്ക് കാത്തിരിക്കാം.