2022ലെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരങ്ങൾ ഫെബ്രുവരി 27നു പ്രഖ്യാപിക്കാനിരിക്കെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പരിശീലകരെന്ന നേട്ടം സ്വന്തമാക്കാൻ അന്തിമഘട്ടത്തിലേക്ക് മുന്നേറിയ ഫുട്ബോൾ ടീം മാനേജർമാർ ആരൊക്കെയാണെന്ന കാര്യത്തിൽ തീരുമാനമായി. പുരുഷന്മാരുടെ ഫുട്ബോളിലും വനിതകളുടെ ഫുട്ബോളിലും ഏറ്റവും മികച്ച പരിശീലകരെ ഫിഫ അവാർഡ്‌സിൽ തിരഞ്ഞെടുക്കുന്നുണ്ട്.
പുരുഷ ഫുട്ബോളിൽ അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി, മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വനിതാ ഫുട്ബോളിൽ ലിയോണിന്റെ സോണിയ ബോംപാസ്റ്റർ, ബ്രസീൽ ദേശീയ ടീമിന്റെ പിയാ സുന്ദഗെ, ഇംഗ്ലണ്ട് ദേശീയ ടീമിന്റെ സറീന വീഗ്മാൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഫിഫ അവാർഡ്‌സ് ഒരു വർഷം മുഴുവൻ കൃത്യമായി അടയാളപ്പെടുത്താൻ വേണ്ടി അതിന്റെ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഖത്തർ ലോകകപ്പ് അടക്കമുള്ള ഇവന്റുകൾ ഫിഫ അവാർഡ്‌സിൽ പരിഗണിക്കപ്പെടുന്നത്. സ്‌കലോണി ലിസ്റ്റിലുണ്ടാകാനും അത് കാരണമായി. നിലവിൽ അന്തിമ ലിസ്റ്റിൽ എത്തിയിട്ടുള്ള ആരും ഇതിനു മുൻപ് ഈ അവാർഡ് സ്വന്തമാക്കിയിട്ടില്ല.
ചെൽസിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച തോമസ് ടുഷെലാണ് 2021ലെ അവാർഡ് സ്വന്തമാക്കിയത്. എന്നാൽ ഈ സീസണിൽ ചെൽസി അദ്ദേഹത്തെ പുറത്താക്കി. അതിനു മുൻപത്തെ വർഷം ക്ളോപ്പ് ആയിരുന്നു നേട്ടം സ്വന്തമാക്കിയത്. രണ്ടു തവണ ഈ പുരസ്‌കാരം സ്വന്തമാക്കിയ ക്ളോപ്പാണ് ഏറ്റവുമധികം തവണ ഫിഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്.
The Best FIFA Men’s coach FINALISTS:
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 9, 2023
– LIONEL SCALONI 🇦🇷
– Pep Guardiola
– Carlo Ancelotti pic.twitter.com/z3iU7stU1k
ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ സിദാനും വലിയ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഒരിക്കൽ അവാർഡ് നേടിയിട്ടുള്ള സിദാൻ രണ്ടു തവണ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. റെനിയേരി, ദെഷാംപ്‌സ് എന്നിവരാണ് ഇതിന്റെ പട്ടിക പൂർത്തിയാക്കുന്നത്. ഇത്തവണ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് വിജയിച്ച കാർലോ ആൻസലോട്ടിയോ ലോകകപ്പ് നേടിയ ലയണൽ സ്‌കലോണിയോ അവാർഡ് സ്വന്തമാക്കാനാണ് സാധ്യതയുള്ളത്.