❝ ബ്രസീലിന്റെ🇧🇷💔 സ്വപ്‌നങ്ങൾ തകർത്ത് 🏆🇦🇷 ബാറ്റിസ്റ്റുട്ടയിലൂടെ കോപ്പ കിരീടത്തിൽ 🇦🇷💙 മുത്തമിട്ട അർജന്റീന ❞

1991 ൽ ചിലിയിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് അർജന്റീനയെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ വിലപ്പെട്ട ഒന്നായിരുന്നു. കാരണം 1959 നു ശേഷം ആദ്യമായാണ് അവർ കോപ്പ കിരീടം നേടുന്നത്. 1990 ൽ ഇറ്റലിയിലെ വേൾഡ് കപ്പിൽ ജര്മനിയോട് പരാജയപെട്ടതിനു ശേഷം അർജന്റീനയുടെ തിരിച്ചു വരവും കൂടിയായിരുന്നു ഈ ചാമ്പ്യൻഷിപ്പ്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ചിലിയിൽ അർജന്റീനയുടെ 13-ാമത് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് നേടിയ വിജയത്തെക്കുറിച്ച് നമുക്ക് പരിശോധിക്കാം.

1986 ,90 വേൾഡ് കപ്പുകളിലെ ഹീറോ ആയ ഇതിഹാസ താരം ഡീഗോ അർമാണ്ടോ മറഡോണ ഇല്ലാതെയാണ് അർജന്റീന കോപ്പ ചാംപ്യൻഷിപ്പിനെത്തിയത്.നാപോളിക്ക് വേണ്ടി കളിക്കുന്നതിനിടെ മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട അദ്ദേഹത്തിന് 15 മാസം ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹത്തിന് കളിക്കാൻ സാധിക്കാതിരുന്നത്.ചിലി, പരാഗ്വേ,പെറു, വെനിസ്വേല ഉൾപ്പെട്ട ഗ്രൂപ്പ് എ യിലാണ് അർജന്റീനയുടെ സ്ഥാനം.ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളിലും ജയിച്ച് ടോപ് ഗിയറിലാണ് അർജന്റീന ടൂർണമെന്റ് ആരംഭിച്ചത്.വെനസ്വേലയുമായുള്ള ഓപ്പണിംഗ് മച്ചിൽ നേടിയ ഇരട്ട ഗോളുകൾ ഉൾപ്പെടെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയ്ക്ക് വേണ്ടി യങ് സെൻസേഷൻ ഗബ്രിയേൽ ബാറ്റിസ്റ്റുട്ട നാല് ഗോളുകൾ നേടി. ഡീഗോ മറഡോണയില്ലാതെ പോലും ഞങ്ങൾ ശക്തരാണെന്ന് അർജന്റീന തെളിയിച്ചു.

ടൂർണമെന്റിന്റെ അവസാന റൗണ്ടിൽ ഗ്രൂപ്പ് എ യിൽ നിന്ന് അർജന്റീനയും ചിലിയും ഗ്രൂപ്പ് ബിയിൽ നിന്നും ബ്രസീലും കൊളംബിയയും ചേർന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അതെ ഫോം തുടർന്ന അർജന്റീന ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കടുത്ത എതിരാളികളായ ബ്രസീലിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.ആദ്യ പകുതിയിൽ ഡാരിയോ ഫ്രാങ്കോ നേടിയ ഇരട്ട ഗോളും രണ്ടാം പകുതിയിൽ ബോക ജൂനിയേഴ്സ് ഫോർ‌വേഡ് ഗബ്രിയേൽ ബാറ്റിസ്റ്റുട്ട നേടിയ ഗോളിനുമായിരുന്നു അവരുടെ ജയം.1991 ലെ കോപ്പ അമേരിക്കയിലെ മികച്ച പ്രകടനം ബാറ്റിസ്റ്റുട്ടയെ ഇറ്റാലിയൻ ക്ലബ്ബായ ഫിയോറെന്റീനയിലേക്ക് എത്തിച്ചു. രണ്ടാം മത്സരത്തിൽ അർജന്റീനയെ ആതിഥേയരായ ചിലി ഗോൾരഹിത സമനിലയിൽ തളച്ചു.അതേസമയം, കൊളംബിയയുമായുള്ള മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയിച്ചു. ഫൈനൽ റൗണ്ടിൽ ആദ്യ സ്ഥാനത്തെത്തുന്ന ടീമിന് കിരീടം എന്ന ഫോർമാറ്റിലായിരുന്നു ടൂർണമെന്റ്.

അവസാന മത്സര ദിവസം എത്തുമ്പോൾ, ആരാണ് തെക്കേ അമേരിക്കയിലെ ചാമ്പ്യന്മാരായി കിരീടമണിഞ്ഞത് എന്ന് അറിയാൻ എല്ലാവരും ആശ്വാസത്തോടെ കാത്തിരിക്കുകയായിരുന്നു. അവസാന മത്സരത്തിൽ അർജന്റീന കൊളമ്പിയയെയും ബ്രസീൽ ചിലിയെയും നേരിട്ടു. ഇരു പകുതിയിൽ നേടിയ 2 ഗോളിന് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ മുന്നിലെത്തി. 32 വർഷത്തിന് ശേഷം കോപ്പ കിരീടം നേടാൻ അർജന്റീനക്ക് കൊളമ്പിയക്കെതിരെ വിജയം വേണമായിരുന്നു.

പതിനൊന്നാം മിനുട്ടിൽ നിലവിലെ അറ്റ്ലെറ്റിക്കോ മാഡ്രിഡ് മാനേജർ ഡീഗോ സിമിയോണി അർജന്റീനയെ മുന്നിലെത്തിച്ചു .എട്ട് മിനിറ്റിനുശേഷം സൂപ്പർ താരം ഗബ്രിയേൽ ബാറ്റിസ്റ്റുട്ട അർജന്റീനയുടെ ലീഡുയർത്തി കിരീടത്തിലേക്കടുപ്പിച്ചു.ടൂർണമെന്റിൽ താരത്തിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്.രണ്ടാം പകുതിയിൽ 70-ാം മിനുട്ടിൽ ആന്റണി ഡി അവില ഗോൾ നേടി കൊളംബിയ മത്സരത്തിലേക്ക് തിരിച്ചു വന്നെങ്കിലും അർജന്റീനയുടെ വിജയത്തെ തടയാനില്ല. ഇതോടെ പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ഇതോടെ വിരാമമായി.ടൂർണമെന്റിലെ ടോപ് സ്കോററായി ഗബ്രിയേൽ ബാറ്റിസ്റ്റുട്ടയെ തിരഞ്ഞെടുത്തു. ടൂർണമെന്റിലെ കണ്ടുപിടിത്തം തന്നെയായിരുന്നു സ്വർണ മുടിക്കാരനായ 22 കാരൻ. 1993 ൽ ഉറുഗ്വേയിലും കിരീടം നേട്ടം ആഘോഷിച്ച അർജന്റീനക്ക് പിന്നീട് ആ കിരീടത്തിൽ മുത്തമിടാനായിട്ടില്ല. 1993 ൽ മൂന്നു ഗോളുകൾ നേടിയ ബാറ്റിസ്റ്റുട്ട 1995 ൽ നാലു ഗോളുകൾ നേടി ടോപ് സ്‌കോറർ പദവി പങ്കിട്ടു.