❝ കോപ്പ അമേരിക്കയെ യൂറോ കപ്പ് വിഴുങ്ങിയോ ?❞

ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ബ്രസീലെങ്കിലും കോപ്പ അമേരിക്ക ഫുട്ബോളിനോട് ആർക്കും അത്ര വലിയ താല്പര്യം കാണാൻ സാധിക്കുന്നില്ല. പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ ഫൈനലിലേക്ക് കടന്നെങ്കിലും കോപ്പയില്‍ ബ്രസീല്‍ ആവേശം നിറയുന്നില്ല.ഫൈനല്‍ ഉറപ്പിക്കാന്‍ തങ്ങളുടെ ടീം പെറുവിന് എതിരെ ഇറങ്ങുമ്പോഴും ബ്രസീലുകാരുടെ താത്പര്യം യൂറോ കപ്പിലെ ഇറ്റലി-സ്‌പെയ്ന്‍ പോരാട്ടത്തിലാണ്. കോവിഡ്, അവസാന നിമിഷം എത്തിയ ആതിഥേയത്വം, വിരസമായ കളികള്‍, പ്രധാനപ്പെട്ട ബ്രോഡ്കാസ്‌റ്റേഴ്‌സ് സംപ്രേഷണം ഏറ്റെടുക്കാത്തത് എന്നിവയെല്ലാം ബ്രസീലില്‍ കോപ്പയെ തണുപ്പിച്ചു. കോപ്പ അമേരിക്ക പോലൊരു ടൂര്‍ണമെന്റ് നടക്കുന്നത് പോലൊരു ബഹളവും ബ്രസീലില്‍ ഇപ്പോഴില്ല.

ലാറ്റിനമേരിക്കൻ ഫുട്ബോളിന് ഏറെ ആരാധകരുള്ള കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. ബ്രസീലിന്റെയും അര്ജന്റീനയുടെയും മത്സരങ്ങൾ മാത്രമാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മറ്റു രാജ്യങ്ങളുടെ മത്സരങ്ങൾക്ക് ഒരു പ്രാധാന്യവും കേരളത്തിലെ ഫുട്ബോൾ പ്രേമികൾ കൽപ്പിക്കുന്നില്ല. അക്ഷരാർത്ഥത്തിൽ യൂറോ കപ്പ് കോപ്പയെ വിഴുങ്ങി എന്ന് പറയുന്നതാവും ശെരി. മികച്ച സ്റ്റേഡിയങ്ങളും , കാണികൾ തിരിച്ചെത്തിയതും , കൂടുതൽ നിലവാരമുള്ള മത്സരങ്ങളും , മികച്ച ബ്രോഡ്കാസ്റ്റിംഗുമെല്ലാം യൂറോയിലേക്ക് കൂടുതൽ ആരാധകരെ അടുപ്പിച്ചു.

രണ്ട് വര്‍ഷം മുന്‍പ് ബ്രസീല്‍ കിരീടം ഉയര്‍ത്തിയപ്പോഴുണ്ടായ സാഹചര്യങ്ങളില്‍ നിന്ന് വലിയ മാറ്റം. ബാനറുകളും പരസ്യങ്ങളും ഒത്തുചേരല്‍ ഇവന്റുകളുമില്ല. റിയോയിലെത്തുന്ന ഒരു സഞ്ചാരിയും ഇവിടെയൊരു പ്രധാനപ്പെട്ട ടൂര്‍ണമെന്റ് നടക്കുന്നുണ്ടെന്ന് തിരിച്ചറിയില്ല. ബ്രസീലില്‍ ഇപ്പോഴും കോവിഡിനെ തുടര്‍ന്ന് സാമുഹിക അകലം പാലിക്കണം എന്ന നിയമമുണ്ട്. എന്നാല്‍ ബ്രസീല്‍ ജനത നിയമം പൂര്‍ണമായും പാലിക്കുന്നില്ല. വീട്ടിലിരുന്ന് കോപ്പ മത്സരം കാണാനോ, മത്സരങ്ങള്‍ കാണാനുള്ള ഒത്തുകൂടലുകള്‍ക്കോ അവര്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

കോപ്പ മത്സരങ്ങള്‍ രാജ്യത്ത് ആരംഭിച്ചു എന്ന് പോലും അറിയാത്തവര്‍ ബ്രസീലിലുണ്ട്. ബ്രസീലിലെ പ്രധാന ബ്രോഡ്കാസ്റ്റര്‍മാരായ ടിവി ഗ്ലോബോ യൂറോ 2020ലെ മത്സരങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതും കോപ്പയില്‍ ബ്രസീല്‍ ജനതയ്ക്കുള്ള താത്പര്യം കുറയാന്‍ ഇടയാക്കുന്നു. എന്നാല്‍ കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീന-ബ്രസീല്‍ പോര് എത്തുന്നതോടെ ഉണര്‍വ് വരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നെയ്മര്‍-മെസി പോര് എത്തിയാല്‍ അത് കാണാതെ വിടാന്‍ ബ്രസീല്‍ ജനതയ്ക്ക് കഴിഞ്ഞേക്കില്ല.

Rate this post