‘എട്ടു മത്സരങ്ങൾ അടിച്ചത് 20 ഗോളുകൾ വഴങ്ങിയത് 0’ : അർജന്റീനക്കെതിരെ ഗോളടിക്കാനാവാതെ എതിരാളികൾ |Argentina

ലോക ഫുട്ബോളിൽ ആധിപത്യം ഉറപ്പിക്കുന്നത് തുടരുകയാണ് അർജന്റീന. സൂപ്പർ താരം ലയണൽ മെസ്സിയുടെ മാസ്മരിക പ്രകടനത്തിന് പുറമെ കുറ്റമറ്റ പ്രതിരോധമാണ് ആധിപത്യം ഉറപ്പിക്കുന്നതിൽ അർജന്റീനക്ക് ഏറ്റവും സഹായകരമായിട്ടുള്ളത്.2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ വിജയം മുതൽ അർജന്റീന സമാനതകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്.

സമീപകാല മത്സരങ്ങളിൽ അര്ജന്റീന പ്രതിരോധം ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനം എന്നും അർജന്റീനയുടെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചു. 2021 ലെ കോപ്പ അമേരിക്കയിലും 2022 ലെ ഖത്തർ വേൾഡ് കപ്പിലും അത് എല്ലാവരും നേരിട്ട് കണ്ടതാണ്. എതിർ മുന്നേറ്റങ്ങളെ തടയുന്നതിൽ ടീം ശ്രദ്ധേയമായ സ്ഥിരത പ്രകടിപ്പിച്ചു.2023 ലെ അർജന്റീനയുടെ എട്ടു മത്സരങ്ങളിൽ ലയണൽ സ്കെലോണിയുടെ അർജന്റീനിയൻ ടീം ഒരു ഗോൾ പോലും വഴങ്ങാതെ അചഞ്ചലമായ പ്രതിരോധശേഷി പ്രകടിപ്പിക്കുകയും വിജയങ്ങൾ നേടുകയും ചെയ്തു.

ഖത്തറിലെ ലോകകപ്പിനിടെ ഗോൾകീപ്പർ സ്ഥാനത്തെ മികച്ച കളിക്കാരനായി വാഴ്ത്തപ്പെട്ട മാർട്ടിനെസ് തനിക് നേരെ വന്ന എല്ലാ വെല്ലുവിളികളെയും പരാജയപ്പെടുത്തുകയും തന്റെ അസാധാരണമായ ഗോൾകീപ്പിംഗ് കഴിവുകൾ പുറത്തെടുക്കുകയും ചെയ്തു.പാരഗ്വായ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയതോടെ അർജന്റീന ടീമിനായി ഏറ്റവുമധികം മിനുട്ടുകൾ തുടർച്ചയായി ഗോൾ വഴങ്ങാതിരുന്ന ഗോൾകീപ്പർ എന്ന സ്ഥാനം എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയിരുന്നു. പെറുവിനെതിരെയും ക്ലീൻ ഷീറ്റ് നേടിയതോടെ ആ റെക്കോർഡ് ഒന്നുകൂടി മെച്ചപ്പെടുത്തി 712 മിനുട്ടുകളാക്കി വർധിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പനാമ (2:0), കുറക്കാവോ (7:0)ഓസ്‌ട്രേലിയ (2:0), ഇന്തോനേഷ്യ (2:0), ഇക്വഡോർ (1:0), ബൊളീവിയ (3:0), പരാഗ്വേ (1:0), പെറു (2:0) എന്നി മത്സരങ്ങളാണ് അര്ജന്റീന ഈ വര്ഷം കളിച്ചത്.ഈ മത്സരങ്ങളിൽ അര്ജന്റീന ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. ഉറച്ച ബാക്ക്‌ലൈൻ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, അന്താരാഷ്ട്ര ഫുട്‌ബോൾ ലോകത്ത് അജയ്യമായ ഒരു ശക്തിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.2022 ലോകകപ്പ് ഫൈനലിലെ കൈലിയൻ എംബാപ്പെ യാണ് അര്ജന്റീനക്കെതിരെ ഗോളടിച്ച അവസാന താരം.

ലോകകപ്പിന് മുൻപ് മുപ്പത്തിയാറു മത്സരങ്ങളിൽ തോൽവിയറിയാതെ കുതിച്ചിരുന്ന അർജന്റീന ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയാണ് അതിനു അവസാനം കുറിച്ചത്. എന്നാൽ ആ തോൽവിയിൽ നിന്നും പ്രചോദനം നേടിയ അർജന്റീന അതിനു ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടി കിരീടം സ്വന്തമാക്കി. ആ തോൽവിക്ക് ശേഷം പിന്നീടു നടന്ന പതിനാലു മത്സരങ്ങളിലും അർജന്റീന വിജയം സ്വന്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

5/5 - (1 vote)