മെസ്സിയുടെയും ഡി മരിയയുടെയും ഗോളിൽ ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ |Qatar 2022

ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ അര്ജന്റീന രണ്ടു ഗോളുകൾക്ക് മുന്നിൽ. ലയണൽ മെസ്സിയും ഡി മരിയയുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ അർജന്റീനയുടെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ തന്നെ ബോക്സിനു പുറത്ത് നിന്നുള്ള മക്കലിസ്റ്ററുടെ ഷോട്ട് പിടിച്ചെടുത്ത് ഹ്യൂഗോ ലോറിസ്. ഇടതു വിങ്ങിലൂടെ ഡി മരിയ ഫ്രാൻസ് ബോക്സ് ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. 17 ആം മിനുട്ടിൽ ഡി മരിയയുടെ ഷോട്ട് പുറത്തേക്ക് പോയി. 20 ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്നും ജിറൂദിന്റെ ഹെഡർ ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 21-ാം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിച്ചു.

കിക്കെടുത്ത അര്‍ജന്റീന നായകന് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റി. എംഎസ്‌ഐയുടെ ലോകകപ്പിലെ ആറാമത്തെ ഗോളായിരുന്നു ഇത്. 36 ആം മിനുട്ടിൽ അര്ജന്റീന ലീഡുയർത്തി.മികച്ചൊരു ടീം ഗോളായിരുന്നു ഇത്. ഒരു കൌണ്ടർ അറ്റാക്കിൽ നിന്നും ലക്സിസ് മാക് അലിസ്റ്റർ കൊടുത്ത പന്ത് എയ്ഞ്ചൽ ഡി മരിയ മികച്ചൊരു ഫിനിഷിംഗിലൂടെ ഫ്രഞ്ച് വലയിലാക്കി.

ഫ്രാന്‍സും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി. അര്ജന്റീന ടീമിൽ ഡി മരിയ തിരിച്ചെത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ മൂലം പുറത്തിരുന്ന മാർക്കോസ് അക്യൂനക്ക് പകരം ടാഗ്ലിയാഫിക്കോയെ ലയണൽ സ്‌കലോണി ടീം ഇലവനിൽ ഉൾപ്പെടുത്തി.

Rate this post
FIFA world cupLionel MessiQatar2022