ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം

തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും ഇതിലുൾപ്പെടുന്നു. ടീമിനായി ഇത്രയും മികച്ച പ്രകടനം നടത്തിയതു കൊണ്ടു തന്നെയാണ് ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ മെസി സ്വന്തമാക്കിയത്.

എന്നാൽ അർജന്റീനിയൻ ഇതിഹാസമായ ഹ്യൂഗോ ഗട്ടിയെ സംബന്ധിച്ച് ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ഏറ്റവും പ്രധാനപ്പെട്ട താരം ലയണൽ മെസി അല്ലായിരുന്നു. മെസി അർജന്റീന ടീമിന് അത്യാവശ്യമായിരുന്നു ഒരു കളിക്കാരനെയല്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമം എൽ ചിരിങ്കുയിറ്റോയോട് പറഞ്ഞത്. അർജന്റീന ടീമിലെ ഏറ്റവും നിർണായകതാരമാരായിരുന്നു എന്നും ഗട്ടി വെളിപ്പെടുത്തി.

“ഏറ്റവും മികച്ചത് ആരാണെന്നല്ല, ഏറ്റവും പ്രധാനപ്പെട്ട താരമാരാണെന്നാണ് പറയുന്നത്. ലിയോ ടീമിന് അത്യാവശ്യമായിരുന്നില്ല. പക്ഷെ മാർട്ടിനസ് വളരെ നിർണായകമായ താരമായിരുന്നു, കാരണം അർജന്റീന പ്രതിസന്ധികളിൽ നിൽക്കുന്ന സമയത്ത് താരമാണ് ടീമിനെ രക്ഷിച്ചത്. അർജന്റീന ലോകകപ്പിൽ മികച്ച ടീമായിരുന്നു, പക്ഷെ ഒരു സന്ദർഭത്തിൽ അവർക്ക് ലോകകപ്പ് നഷ്ടപ്പെട്ടിരുന്നു. അങ്ങിനെ സംഭവിച്ചില്ല, പക്ഷെ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു.” ഗട്ടി പറഞ്ഞു.

ലോകകപ്പിൽ അർജന്റീനക്കായി മികച്ച പ്രകടനമാണ് ആസ്റ്റൺ വില്ല ഗോൾകീപ്പർ നടത്തിയത്. രണ്ടു ഷൂട്ടൗട്ടുകളിൽ അർജന്റീനയെ രക്ഷിച്ച താരം നിർണായക സേവുകളും ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ നടത്തി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും താരത്തിനായിരുന്നു. ഇതിനു മുൻപ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയപ്പോഴും ടീമിനായി മികച്ച പ്രകടനം നടത്താൻ എമിലിയാനോക്ക് കഴിഞ്ഞിരുന്നു.

Rate this post
Lionel Messi