ഖത്തറിൽ നടക്കാനിരിക്കുന്ന വേൾഡ് കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ അര്ജന്റീന ഹോണ്ടുറാസിനെ നേരിടും.യുഎസിലെ ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചരക്കാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ ഒരു വർഷമായി ആൽബിസെലെസ്റ്റുകൾ അവരുടെ ഏറ്റവും മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. കിരീട സാധ്യത ഏറെയുള്ള അര്ജന്റീന ലോകകപ്പിന് മുന്നോടിയായി ഈ മത്സരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 2022 ലോകകപ്പിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ഹോണ്ടുറാസിനി അനായാസം പരാജയപെടുത്താം എന്ന വിശ്വാസത്തിലാണ് മെസ്സിയും സംഘവും ഇറങ്ങുന്നത്.CONMEBOL യോഗ്യതാ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് അര്ജന്റീന ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി തുടർച്ചയായ 13-ാം ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയാണ് അര്ജന്റീന എത്തുന്നത്.
1986 ൽ മെക്സിക്കോയിൽ വിജയിച്ചതിന് ശേഷം ലാ ആൽബിസെലെസ്റ്റെ ജൂൾസ് റിമെറ്റ് ട്രോഫി ഉയർത്തിയിട്ടില്ല, അതിനുശേഷം ജർമ്മനിയോട് രണ്ട് തവണ ഫൈനലിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. 35 കാരനായ ലയണൽ മെസ്സിക്ക് വേൾഡ് കപ്പ് ഒരു അവസാന അവസരമായിരിക്കും. ഇതിഹാസ താരം ഡീഗോ മറഡോണയുടെ പാത പിന്തുടരാനും എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായി മാറാനുള്ള അവസരം കിരീടം നേടുന്നതിലൂടെ മെസ്സിക്ക് കൈവരും.ലയണൽ സ്‌കലോനിയുടെ കീഴിലുള്ള സ്‌ക്വാഡ് മെസ്സിയുടെ കളിജീവിതത്തിലെ ഏത് സമയത്തേക്കാളും കൂടുതൽ ഫലപ്രദമായ യൂണിറ്റാണ് അവർ എന്നതിൽ സംശയമില്ല.കഴിഞ്ഞ സമ്മറിൽ യൂറോ 2020 ജേതാക്കളായ ഇറ്റലിയെ വെംബ്ലി സ്റ്റേഡിയത്തിൽ 3-0 ന് പരാജയപ്പെടുത്തുന്നതിന് മുമ്പ് അവർ കോപ്പ അമേരിക്കയിലും വിജയിച്ചിരുന്നു.ഗ്രൂപ്പ് സിയിൽ പോളണ്ട്, മെക്‌സിക്കോ, സൗദി അറേബ്യ എന്നിവർക്കൊപ്പമാണ് ഖത്തറിൽ അർജന്റീനയുടെ സ്ഥാനം.
ഗോൾകീപ്പർ സ്ഥാനത്ത് എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും.ലെഫ്റ്റ് ബാക്ക് പൊസിഷനിലെ കാര്യത്തിൽ ഇപ്പോഴും ഒരു അന്തിമ തീരുമാനത്തിലെത്താൻ പരിശീലകന് കഴിഞ്ഞിട്ടില്ല.നിക്കോളാസ് ടാഗ്ലിയാഫിക്കോ,മാർക്കോസ് അക്കൂന എന്നിവരിൽ ഒരാളായിരിക്കും ഈ പൊസിഷനിൽ ഇടം നേടുക.സെന്റർ ബാക്ക് സ്ഥാനത്ത് നിക്കോളാസ് ഓട്ടമെന്റിക്കൊപ്പം ജർമ്മൻ പെസല്ലയായിരിക്കും ഇറങ്ങുക. കാരണം ലിസാൻഡ്രോ മാർട്ടിനസ്,ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ വിസ പ്രശ്നങ്ങൾ കാരണം ടീമിനൊപ്പം വൈകിയാണ് ജോയിൻ ചെയ്യുക.
റൈറ്റ് ബാക്ക് പൊസിഷനിൽ നഹുവെൽ മൊളീന ഉണ്ടാവും. മിഡ്ഫീൽഡിൽ ലോ സെൽസോക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ താരം മത്സരത്തിന് തയ്യാറല്ലെങ്കിൽ എൻസോ പെരസ് അർജന്റീനക്ക് വേണ്ടി അരങ്ങേറ്റം നടത്തിയേക്കും.ലിയാൻഡ്രോ പരേഡസ്,റോഡ്രിഗോ ഡി പോൾ എന്നിവരാണ് പിന്നീട് മിഡ്ഫീൽഡിൽ ഉണ്ടാവുക.ലയണൽ മെസ്സി അർജന്റീനയുടെ മുന്നേറ്റ നിരയെ നയിക്കും.മെസ്സിക്കൊപ്പം സീനിയർ താരം ഡി മരിയയും ഉണ്ടാകും.ഗോളടിക്കാനുള്ള ചുമതല പ്രധാനമായും ഏൽപ്പിക്കപ്പെടുക ലൗറ്ററോ മാർട്ടിനസിൽ തന്നെയാവും. അന്താരാഷ്ട്ര വേദിയിൽ ഹോണ്ടുറാസ് ഒരിക്കലും അർജന്റീനയെ പരാജയപ്പെടുത്തിയിട്ടില്ല.2016ൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന 1-0ന് നേരിയ തോതിൽ വിജയിച്ചു.ഇരുടീമുകളും തമ്മിൽ നടന്ന രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടിലും അര്ജന്റീന വിജയിച്ചു.
അർജന്റീന ഇലവൻ (4-3-3): എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ; ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ.
ഹോണ്ടുറാസ് ഇലവൻ (4-3-3): ലൂയിസ് ലോപ്പസ്; മാർസെലോ പെരേര, ഡെനിൽ മാൽഡൊണാഡോ, ക്രിസ്റ്റഫർ മെലെൻഡസ്, ഒമർ എൽവിർ; ജൗ ബെനവിഡെസ്, ഡീബി ഫ്ലോറസ്, കെർവിൻ അരിയാഗ; റിഗോബർട്ടോ റിവാസ്, റൊമെൽ ക്വിറ്റോ, ലൂയിസ് പാൽമ