ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ആദ്യമായി കളിച്ച മത്സരമാണ് ഇന്ന് പുലർച്ചെ നടന്നത്. പനാമക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടിയ അർജന്റീന അതിനു ശേഷം സ്വന്തം രാജ്യത്തെ ആരാധകരുടെ മുന്നിൽ വെച്ച് ഖത്തറിലെ ലോകകപ്പ് നേട്ടം ആഘോഷിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു പ്രധാന കിരീടങ്ങളാണ് അർജന്റീന സ്വന്തമാക്കിയത്. 2021ൽ നടന്ന കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി കിരീടം നേടിയ അർജന്റീന അതിനു ശേഷം ഫൈനലിസിമയും സ്വന്തമാക്കിയിരുന്നു. തുടർന്ന് ഖത്തറിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനെ കീഴടക്കി ലോകകപ്പും അർജന്റീന ടീം ഉയർത്തി.
ഇന്ന് നടന്ന ആഘോഷങ്ങളിൽ കോപ്പ അമേരിക്ക, ലോകകപ്പ് ഫൈനലുകളിൽ അർജന്റീനക്കെതിരെ വന്ന ബ്രസീൽ, ഫ്രാൻസ് ടീമുകളെ അർജന്റീന ടീം ട്രോളുകയുണ്ടായി. ടീമംഗങ്ങൾ ഒരുമിച്ച് ചേർന്ന് ആഘോഷം നടത്തുമ്പോഴാണ് താരങ്ങൾ ഈ ടീമുകളെ കളിയാക്കിയത്. ഇതുപോലെയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിക്കാറുള്ള മെസിയും ഇതിനൊപ്പം ചേരുകയുണ്ടായി.
മരിച്ചു പോയ ബ്രസീലിനു വേണ്ടിയും, ഫ്രാൻസിന് വേണ്ടിയും ഒരു മിനുട്ട് മൗനം ആചരിക്കാമെന്നാണ് അർജന്റീന താരങ്ങൾ പാടിയത്. ഇവർക്കൊപ്പം സ്റ്റേഡിയവും ചേർന്നു. ഒന്ന് സംശയിച്ച് നിന്നെങ്കിലും പിന്നീട് മെസിയും ഇവർക്കൊപ്പം ചേരുകയായിരുന്നു. ഫ്രാൻസിനെ കളിയാക്കിയതിലൂടെ പിഎസ്‌ജി ആരാധകർ ഒന്നുകൂടി മെസിക്കെതിരാവാനാണ് സാധ്യത.
“A minute silence for…. Brazil that is dead.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) March 24, 2023
“A minute silence for…. France that is dead.”pic.twitter.com/0qXGAy9LgZ
പനാമക്കെതിരെ അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ അകന്നു നിന്നിരുന്നു. അവസാനത്തെ പന്ത്രണ്ടു മിനുട്ടിലാണ് വിജയം നേടിയ രണ്ടു ഗോളുകളും അർജന്റീന നേടിയത്. ഇനി അടുത്ത ദിവസം റിവർപ്ലേറ്റിനെതിരെ ഈ മത്സരത്തിൽ ഇടം നേടാതിരുന്ന താരങ്ങൾ കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനു ശേഷം അർജന്റീന കുറവാവോയെ നേരിടും.