ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലുകളിൽ ആരൊക്കെ തമ്മിൽ ഏറ്റുമുട്ടും എന്നുള്ളത് കഴിഞ്ഞ ദിവസം തീരുമാനമായി.ചൊവ്വാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഫ്രഞ്ച് ശക്തികളായ പിഎസ്ജിയും ജർമ്മൻ താരോദയങ്ങളായ ആർബി ലീപ്സിഗും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക് ലീഗ് വണ്ണിലെ ലിയോണിനെ നേരിടും. അപ്രതീക്ഷിത വിജയങ്ങൾ നേടികൊണ്ടാണ് ലീപ്സിഗും ലിയോണും സെമി ഫൈനലിൽ എത്തിയത്.
എന്നാൽ ഇനി മൂന്ന് അർജന്റീന താരങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നത്. മൂന്ന് താരങ്ങളും പിഎസ്ജി താരങ്ങളാണ് എന്നുള്ളതാണ് പ്രത്യേകത. മൗറോ ഇകാർഡി, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നീ താരങ്ങളാണ് അർജന്റീനയുടെ സാന്നിധ്യം ചാമ്പ്യൻസ് ലീഗിൽ നിലനിർത്തുന്നത്. പിഎസ്ജി പുറത്തായാൽ അർജന്റീന സാന്നിധ്യം ചാമ്പ്യൻസ് ലീഗിൽ നിന്നും ഇല്ലാതെയാവും.
എന്നാൽ ക്വാർട്ടർ ഫൈനലിൽ പുറത്തായ നാലു ടീമിലും അർജന്റീന സാന്നിധ്യമുണ്ടായിരുന്നു. ബയേണിനോട് തോറ്റ ബാഴ്സയിൽ നായകസ്ഥാനത്ത് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു. ലിയോണിനോട് തോറ്റു പുറത്തായ സിറ്റിയിൽ രണ്ട് അർജന്റീന താരങ്ങൾ ഉണ്ടായിരുന്നു. അഗ്വേറൊയും നിക്കോളാസ് ഓട്ടമെന്റിയും. ഇരുവർക്കും ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിച്ചിരുന്നില്ല. പിഎസ്ജിയോട് തോറ്റു പുറത്തായ അറ്റലാന്റയിൽ പപ്പു ഗോമസ് ആയിരുന്നു അർജന്റീന സാന്നിധ്യം അറിയിച്ചത്. ലീപ്സിഗിനോട് തോറ്റ അത്ലറ്റികോ മാഡ്രിഡിൽ അർജന്റൈൻ സാന്നിധ്യം അറിയിച്ചത് എയ്ഞ്ചൽ കൊറിയ ആയിരുന്നു. എന്നാൽ താരത്തിനും ക്വാർട്ടർ ഫൈനൽ കളിക്കാൻ സാധിച്ചിരുന്നില്ല.