അർജന്റീന എന്തിനും തയ്യാറായിക്കഴിഞ്ഞു: ഫ്രാൻസിന് മുന്നറിയിപ്പുമായി ഇതിഹാസതാരം കെമ്പസ് |Qatar2022

വേൾഡ് കപ്പ് കിരീടത്തിൽ ആര് ചുംബനമർപ്പിക്കും എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. നിലവിലെ കിരീട ജേതാക്കളായ ഫ്രാൻസും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലാണ് ഫൈനൽ മത്സരം നടക്കുക. രണ്ട് ടീമുകളും മികച്ച പ്രകടനമാണ് ഈ വേൾഡ് കപ്പിൽ നടത്തിയിരിക്കുന്നത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ അടുത്തകാലത്തൊന്നും അവർക്ക് വേൾഡ് കപ്പ് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.2014ൽ ലയണൽ മെസ്സിയും സംഘവും കിരീടത്തിന്റെ തൊട്ടരികിൽ എത്തിയിരുന്നുവെങ്കിലും കൈവിട്ടു പോവുകയായിരുന്നു. ആ കിരീടം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് അർജന്റീന പ്രതീക്ഷിക്കുന്നത്.എന്നാൽ ഫ്രാൻസ് കടുത്ത എതിരാളികളുമാണ്.

അർജന്റീനയുടെ ഇതിഹാസതാരവും മുൻ വേൾഡ് ചാമ്പ്യനുമായ മരിയോ കെമ്പസ് ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റീന എന്തിനും തയ്യാറായിക്കഴിഞ്ഞു എന്ന മുന്നറിയിപ്പാണ് ഫ്രാൻസിന് ഇദ്ദേഹം നൽകിയിട്ടുള്ളത്.കൂടാതെ അർജന്റീന താരങ്ങളെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.

‘ ഫുട്ബോളിൽ അസാധ്യമായത് ഒന്നുമില്ല. ഫൈനലിൽ എത്തിയ രണ്ട് ടീമുകളും മികച്ച ടീമുകളാണ്.നിങ്ങൾ എപ്പോഴും നിങ്ങളുടെ എതിരാളികളെ ബഹുമാനിക്കേണ്ടതുണ്ട്. ഫ്രാൻസ് മൊറോക്കോക്കെതിരെ മികച്ച രൂപത്തിൽ കളിച്ചു എന്ന് അവകാശപ്പെടാനാവില്ല. പക്ഷേ അവർക്ക് ഒരുപാട് എക്സ്പീരിയൻസ് ഉണ്ട്.നിലവിലെ ചാമ്പ്യന്മാർ അവരാണ്.അർജന്റീനയുടെ കാര്യത്തിലേക്ക് വന്നാൽ മെസ്സിക്കും ഡി മരിയക്കും ഓട്ടമെന്റിക്കും പരിചയസമ്പത്ത് ഉണ്ട്. മാത്രമല്ല എൻസോ ഫെർണാണ്ടസും ജൂലിയൻ ആൽവരസും മികച്ച രൂപത്തിൽ കളിക്കുന്നു. അതുകൊണ്ടുതന്നെ അർജന്റീന എന്തിനും തയ്യാറായി കഴിഞ്ഞിട്ടുണ്ട് ‘ ഇതാണ് കെമ്പസ്‌ പറഞ്ഞിട്ടുള്ളത്.

രണ്ട് ടീമുകളെയും തുല്യശക്തികളായി കൊണ്ട് ഉൾപ്പെടുത്താൻ കഴിയുന്ന ഒരു സാഹചര്യമാണിത്. പരിക്കു മൂലം പ്രധാനപ്പെട്ട താരങ്ങളെ നഷ്ടമായിട്ട് പോലും മികച്ച രൂപത്തിൽ ഈ വേൾഡ് കപ്പിൽ കളിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടുണ്ട്. അർജന്റീനയാവട്ടെ ആദ്യമത്സരത്തിൽ തോറ്റിടത്തുനിന്നാണ് ഒരു ഉയർത്തെഴുന്നേൽപ്പ് നടത്തിയിട്ടുള്ളത്.