സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവുമധികം പരിശ്രമം നടത്തിയത് ബൊറൂസിയ ഡോർട്മുണ്ട് യുവതാരം ജാഡൻ സാഞ്ചോക്കു വേണ്ടിയായിരുന്നു. എന്നാൽ താരത്തിനായി ഡോർട്മുണ്ട് ആവശ്യപ്പെട്ട തുക നൽകാൻ യുണൈറ്റഡ് സമ്മതം മൂളാത്തതിനാൽ അതു നടക്കാതെ വരികയായിരുന്നു. ഇപ്പോൾ സാഞ്ചോക്കു പകരക്കാരനായി അർജൻറീനിയൻ താരത്തെ യുണൈറ്റഡ് നോട്ടമിടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസണിലെ യൂറോപ്പ ലീഗ് കിരീടം നേടിയ സെവിയ്യയുടെ സ്ട്രൈക്കറായ ലൂകാസ് ഒകാമ്പോസിനെയാണ് യുണൈറ്റഡ് സമ്മർ ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ 17 ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയ താരത്തിന് നാൽപതു മില്യൺ യൂറോയാണ് സെവിയ്യ മൂല്യം കൽപിക്കുന്നത്.
താരത്തെ വിട്ടു കൊടുക്കാൻ സെവിയ്യക്കു താൽപര്യമുണ്ടെന്നാണ് യൂറോപ്പിലെ മാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ടു ചെയ്യുന്നത്. ഇരുപത്തിയാറുകാരനായ ഒകാമ്പോസിനു മുൻപ് കോമാൻ, ഡഗ്ലസ് കോസ്റ്റ, പെരിസിച്ച്, ബ്രൂക്സ്, ഡെംബലെ എന്നിങ്ങനെ നിരവധി താരങ്ങളെ സാഞ്ചോക്കു പകരക്കാരനായി യുണൈറ്റഡ് നോട്ടമിടുന്നുണ്ട്.
ഈ സമ്മറിൽ ഡോണി വാൻ ഡെ ബീക്കിനെ മാത്രമാണ് യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. സാഞ്ചോ ഇപ്പോഴും ട്രാൻസ്ഫർ ലിസ്റ്റിൽ മുന്നിലുണ്ടെങ്കിലും 120 ദശലക്ഷം യൂറോയെന്ന തുക നൽകാൻ കഴിയില്ലെന്നാണ് യുണൈറ്റഡിന്റെ നിലപാട്.