മെസ്സി മെസ്സി !! ഓസ്ട്രേലിയയെയും കീഴടക്കി അര്ജന്റീന അവസാന എട്ടിലേക്ക് |Qatar 2022

അവസാന മിനുട്ട് വരെ പൊരുതി കളിച്ച ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അര്ജന്റീന ക്വാർട്ടറിൽ സ്ഥാനം പിടിച്ചു. സൂപ്പർ താരം ലയണൽ മെസ്സി ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്. പ്രൊഫെഷണൽ കരിയറിൽ ആയിരമത്തെ മത്സരം കളിക്കുന്ന മെസ്സിയുടെ ലോകകപ്പിലെ ആദ്യ നോക്ക് ഔട്ട് ഗോളായിരുന്നു ഇത്. ക്വാർട്ടറിൽ ഹോളണ്ട് ആണ് അർജന്റീനയുടെ എതിരാളികൾ .

മത്സരത്തിന്റെ തുടക്കം തൊട്ട് അര്‍ജന്റീന ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. അര്‍ജന്റീനയുടെ മുന്നേറ്റങ്ങളെ ഓസ്‌ട്രേലിയ ശാരീരികമായാണ് നേരിട്ടത്. ആദ്യ 20 മിനുട്ടിൽ രണ്ടു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല.എന്നാൽ 35 ആം മിനുട്ടിൽ കളിയെ ചൂടുപിടിപ്പിച്ചുകൊണ്ട് ലയൺ മെസ്സി അർജന്റീനയെ മനോഹരമായ ഗോളിലൂടെ മുന്നിലെത്തിച്ചു.മാക് അലിസ്റ്ററുടെ പാസ് സ്വീകരിച്ച ഒട്ടമെന്‍ഡി പന്ത് ഒരു ടച്ചിലൂടെ അത് മെസ്സിയ്ക്ക് കൈമാറി. മൂന്ന് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലാക്കി സ്കോർ 1 -0 ആക്കി.

ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.മെസ്സിയുടെ കരിയറിലെ 798 മത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഈ ഗോളോടെ മെസ്സി ലോകകപ്പ് ഗോളുകളിൽ മറഡോണയെ മറികടക്കുകയും ചെയ്തു. മെസ്സിക്ക് അഞ്ചു വേൾഡ് കപ്പുകളിൽ നിന്നായി 9 ഗോളുകളാണുളളത്. ലോകകപ്പിൽ നോക്ക് ഔട്ടിലെ മെസ്സിയുടെ ആദ്യ ഗോളും കൂടിയാണിത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മെസ്സിയുടെ ഷോട്ട് ​ഗോൾകീപ്പർ റയാൻ കൈയ്യിലൊതുക്കി, 57 ആം മിനുട്ടിൽ അര്ജന്റീന രണ്ടാമത്തെ ഗോളും നേടി.ഓസ്‌ട്രേലിയൻ ഗോൾ കീപ്പറുടെ പിഴവിൽ നിന്നും ലഭിച്ച പന്ത് ജൂലിയൻ അൽവാരെസ് വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. ഓസീസ് പ്രതിരോധക്കാർ വച്ചു താമസിപ്പിച്ച പന്ത് ഗോളിക്ക് നൽകി. ഗോളി അത് ക്ലിയർ ചെയ്യാതെ ഡ്രിബിളിങ്ങിന് ശ്രമിച്ചു. ഓടിവന്ന് പന്ത് റാഞ്ചിയ ആൽവരെസ് തക്കം നോക്കി പോസ്റ്റിലേക്ക് ചെത്തിയിട്ടു.കഴിഞ്ഞ മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ഗോൾ നേടിയിരുന്നു.

65 ആം മിനുട്ടിൽ മെസ്സി മനോഹരമായ ഡ്രിബിളിംഗുമായി മെസി ഓസ്‌ട്രേലിയൻ ബോക്സിലേക്ക് കുതിച്ചെങ്കിലും പ്രതിരോധ താരങ്ങ അപകടം ഒഴിവാക്കി. 77 ആം മിനുട്ടിൽ ഓസ്ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചു വന്നു.ക്രെയ്ഗ് ഗുഡ്വിൻ അടിച്ച ലോങ്ങ് റേഞ്ച് അര്ജന്റീന താരത്തിന്റെ ശരീരത്തിൽ തട്ടി എമിലിയാനോ മാർട്ടിനെസിനെ മറികടന്ന് വലയിൽ കയറി.81 ആം മിനുട്ടിൽ അസീസ് ബെര്ചിന്റെ ഗോളെന്നുറച്ച ഷോട്ട് ലൈസൻഡ്രോ മാർട്ടിനെസ് തടുത്തു.അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ മത്സരം കൂടുതൽ ആവേശഭരിതമായി മാറി.89 ആം മിനുട്ടിൽ സുവര്‍ണാവസരം പാഴാക്കി പകരക്കാരനായ ലൗട്ടാറോ മാര്‍ട്ടിനസ്‌.വീണ്ടും മികച്ച അവസരംപാഴാക്കി ലൗട്ടാറോ മാര്‍ട്ടിനസ്.തുടർച്ചയായ സേവുകളുമായി ഓസ്‌ട്രേലിയൻ കീപ്പർ മാത്യു റിയാൻ അർജന്റീനയുടെ ഗോൾ ശ്രമങ്ങൾ എല്ലാം തടഞ്ഞു.അവസാന നിമിഷത്തിൽ ഓസ്‌ട്രേലിയൻ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ മാർട്ടിനെസ് തടഞ്ഞു.