അർജന്റീന ഇനി കളിക്കുക രണ്ട് സൗഹൃദമത്സരങ്ങൾ, റിപ്പോർട്ടുകൾ പുറത്ത്

ലോക ചാമ്പ്യന്മാരായ അർജന്റീനയെ ഇനി എന്ന് കളത്തിൽ കാണാനാവും എന്നുള്ളതാണ് ഓരോ അർജന്റീന ആരാധകനും അറിയേണ്ടത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മാസ്മരിക പ്രകടനമാണ് അർജന്റീന നടത്തിയിരുന്നത്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടത് ആരാധകർക്ക് നിരാശ നൽകിയെങ്കിലും അതിൽ നിന്ന് തിരിച്ചുവന്ന് വേൾഡ് കപ്പ് കിരീടം നേടിയപ്പോൾ ആവേശം ഇരട്ടിയായി വർധിക്കുകയായിരുന്നു.

ലയണൽ മെസ്സിയും സംഘവും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ വേൾഡ് കപ്പിൽ നടത്തിയത്. യൂറോപ്പ്യൻ ടീമുകൾക്കെതിരെ മത്സരിച്ചു വിജയിക്കാൻ അർജന്റീനക്ക് കഴിയില്ല എന്ന വിമർശകരുടെ കണക്കുകൂട്ടലുകളെയെല്ലാം കാറ്റിൽ പറത്താൻ കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനക്ക് സാധിച്ചിരുന്നു. ഹോളണ്ട്, ക്രൊയേഷ്യ, ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ വമ്പന്മാർ അർജന്റീനക്ക് മുന്നിൽ തലകുനിക്കുകയായിരുന്നു.ഈ മികവ് ഇനിയും അർജന്റീന തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇനി വരുന്ന മാർച്ച് മാസത്തിലാണ് അർജന്റീനയെ നമുക്ക് കളിക്കളത്തിൽ കാണാൻ സാധിക്കുക. മാർച്ച് 21ആം തീയതിക്കും മാർച്ച് 28 ആം തീയതിക്കും ഇടയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ തന്നെയായിരിക്കും ഈ മത്സരങ്ങൾ നടക്കുക.

എന്നാൽ ആരൊക്കെയായിരിക്കും എതിരാളികൾ എന്നുള്ള കാര്യത്തിൽ തീരുമാനം കൈകൊണ്ടിട്ടില്ല. യൂറോപ്പ്യൻ വമ്പൻമാരായ ബെൽജിയത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. വൈകാതെ തന്നെ എതിരാളികളുടെ കാര്യത്തിൽ ഒരു സ്ഥിരീകരണം ലഭിച്ചേക്കും.വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ മാർച്ച് മാസത്തിൽ തന്നെ തുടങ്ങും എന്നുള്ള റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു. പക്ഷേ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഈ വർഷത്തിന്റെ മധ്യത്തിലോ അതല്ലെങ്കിൽ സെപ്റ്റംബർ മാസത്തിലോ ആയിരിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

അതുകൊണ്ടാണ് ഇപ്പോൾ മാർച്ച് മാസത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ അർജന്റീന തീരുമാനിച്ചിട്ടുള്ളത്. ഈ സമയം തന്നെയാണ് യൂറോകപ്പ് ക്വാളിഫിക്കേഷൻ മത്സരങ്ങൾ യൂറോപ്പിലെ ടീമുകൾ കളിക്കുക.പക്ഷേ ഒരൊറ്റ മത്സരം മാത്രമാണ് ബെൽജിയം കളിക്കുന്നത്. ഒരു എതിരാളിയായി കൊണ്ട് ബെൽജിയത്തെ ലഭിക്കുമെന്ന് തന്നെയാണ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.

Rate this post
Argentina