അണ്ടർ 20 വേൾഡ് കപ്പിൽ വിജയവുമായി അർജന്റീന.വേൾഡ് കപ്പിന് ആതിഥേയർ എന്ന നിലയിൽ യോഗ്യത നേടിയ അർജന്റീന ഉസ്ബക്കിസ്ഥാനെതിരെ പിന്നിൽ നിന്നും തിരിച്ചു വന്നാണ് വിജയം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് അർജന്റീന നേടിയത്.
അർജന്റീന അണ്ടർ 20 ദേശീയ ടീം കോച്ച് ഹാവിയർ മഷറാനോ തന്റെ ടീമിനെ വിജയകരമായ തുടക്കം കുറിച്ചു.മത്സരത്തിന്റെ ഇരുപത്തിമൂന്നാം മിനിറ്റിൽ ഉസ്ബക്കിസ്ഥാനായിരുന്നു ലീഡ് നേടിയിരുന്നത്.പക്ഷേ അവരുടെ ലീഡിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.27ആം മിനുട്ടിൽ വെലിസിലൂടെ അർജന്റീന സമനില പിടിക്കുകയായിരുന്നു.പിന്നീട് 41ആം മിനിട്ടിലാണ് അർജന്റീന അണ്ടർ 20 ടീമിന്റെ വിജയഗോൾ പിറക്കുന്നത്.
സൂപ്പർ താരം വാലന്റീൻ കാർബോനിയാണ് അർജന്റീനക്ക് വേണ്ടി വിജയ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ അർജന്റീന കൂടുതൽ പന്ത് കൈവശം വയ്ക്കുന്നത് കണ്ടു, ഹാവിയർ മഷറാനോ നിരവധി മാറ്റങ്ങൾ വരുത്തി. മാക്‌സിമോ പെറോണിന് പകരം ഫെഡറിക്കോ റെഡോണ്ടോയും മാറ്റിയാസ് സോളിക്ക് പകരം ലൂക്കാ റൊമേറോയും ടീമിലെത്തി.മഷറാനോ മൂന്ന് മാറ്റങ്ങൾ കൂടി വരുത്തി മാറ്റിയോ ടാൻലോംഗോയ്ക്ക് വേണ്ടി ഇഗ്നാസിയോ മിറാമോണും, വാലന്റൈൻ കാർബോണിക്ക് വേണ്ടി ജിനോ ഇൻഫാന്റിനോയും, അലെജോ വെലിക്ക് വേണ്ടി ഇഗ്നാസിയോ മാസ്ട്രോ പുച്ചുമാണ് അവസാനമായി പകരക്കാരനായി എത്തിയത്.
വിജയത്തോടെ അർജന്റീന ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും. ചൊവ്വാഴ്ച ഗ്വാട്ടിമാലയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം.ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ന്യൂസിലാന്റ് ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയിട്ടുണ്ട്.മറ്റൊരു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഗ്രൂപ്പ് ഡിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ബ്രസീലിനെ കൂടാതെ ഡൊമിനിക്കൻ റിപ്പബ്ലിക്ക്,ഇറ്റലി,നൈജീരിയ എന്നിവരാണ് ആ ഗ്രൂപ്പിൽ ഇടം നേടിയിട്ടുള്ളത്.