നെയ്മറും മെസ്സിയും വീണ്ടും നേർക്കുനേർ വരുമ്പോൾ…!
നവംബർ 17 ബുധനാഴ്ച്ച പുലർച്ചെ അർജന്റീനയിലെ സാൻ ജുവാനിലെ എസ്റ്റാഡിയോ സാൻ ജുവാൻ ഡെൽ ബിസെന്റനാരിയോയിൽ 2022 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബദ്ധവൈരികളായ അർജന്റീനയും ബ്രസീലും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അന്ന് എയ്ഞ്ചൽ ഡി മരിയയുടെ ഗോളിൽ അർജന്റീന ജയം സ്വന്തമാക്കുകയും, 28 വർഷത്തിന് ശേഷം ഒരു അന്താരാഷ്ട്ര കിരീടം ഉയർത്തുകയും ചെയ്തിരുന്നു.
നവംബർ 17ന് ഫുട്ബോൾ ലോകം രണ്ട് ചേരിയിലാകാൻ ഒരുങ്ങുമ്പോൾ, അർജന്റീന – ബ്രസീൽ മത്സരങ്ങളുടെ ചരിത്രങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. 1914 മുതൽ 108 തവണയാണ് ഇരു ടീമുകളും നേർക്കുനേർ പോരാടിയത്. അതിൽ 43 തവണ ബ്രസീൽ വിജയിച്ചപ്പോൾ 40 തവണ വിജയം അർജന്റീനക്കൊപ്പമായിരുന്നു, 25 മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. എന്നാൽ, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അടുത്തകാലത്തെ ഏറ്റവും മികച്ച ടീമുകളുമായി ഇരു ടീമുകളും ഇറങ്ങുമ്പോൾ മത്സരം പൊടിപാറും എന്ന് ഉറപ്പാണ്.
മത്സരത്തിനായി ലോക ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്, ബ്രസീലിനായി സുൽത്താൻ നെയ്മറും അർജന്റീനയ്ക്കായി മിശിഹ മെസ്സിയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ എന്തു സംഭവിക്കുമെന്ന് പ്രവചനാതീതം. മാത്രമല്ല, ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമനിൽ എത്തിയ ശേഷം ആദ്യമായാണ് ബ്രസീൽ അർജന്റീന മത്സരത്തിന് കളമൊരുങ്ങുന്നത്. സെപ്റ്റംബറിൽ ബ്രസീലിൽ നടന്ന അര്ജന്റീന ബ്രസീൽ പോരാട്ടം അര്ജന്റീന താരങ്ങൾ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു എന്ന കാരണം കാണിച്ച് ഉപേക്ഷിച്ചിരുന്നു. ഫ്രഞ്ച് ക്ലബ്ബിലെ സുഹൃത്തുക്കൾ പരമ്പരാഗത ശത്രു രാജ്യങ്ങൾക്ക് വേണ്ടി മൈതാനത്ത് ഇറങ്ങുമ്പോൾ ആർക്കാവും വിജയം എന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.
Neymar will miss Brazil's match vs. Argentina on Tuesday after picking up a thigh injury.
— B/R Football (@brfootball) November 15, 2021
Instead he will return directly to Paris. pic.twitter.com/IZrrvfeAot
എന്നാൽ തിങ്കളാഴ്ച പരിശീലനത്തിനിടെ സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റു. അർജന്റീനയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്.പാരീസ് സെന്റ് ജെർമെയ്ൻ താരത്തിന് പരിക്കേറ്റതിനാൽ ബാക്കിയുള്ള ടീമിനൊപ്പം അർജന്റീനയിലേക്ക് പോയിട്ടില്ല.ലോകം കാത്തിരിക്കുന്ന മത്സരത്തിൽ നെയ്മറിന്കളിക്കാനാകാത്തത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. പാൽമിറാസിന്റെ ഫുട്ബോൾ അക്കാദമിയിൽ നടന്ന പരിശീലനത്തിന് ശേഷം ശേഷം, ഇടത് തുടയിൽ വേദന അനുഭവപ്പെടുന്നതായി നെയ്മർ പരാതിപ്പെട്ടു.കോംപ്ലിമെന്ററി മെഡിക്കൽ പരീക്ഷകൾ നടത്താൻ വേണ്ടത്ര സമയമില്ലാത്തതിനാൽ താരത്തെ അര്ജന്റീനക്കെതിരെയുള്ള മത്സരത്തിൽ നിന്നും ഒഴിവാക്കി.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സി ബ്രസീലിനെതിരെ കളിക്കും.
നെയ്മർ അർജന്റീനയ്ക്കെതിരെ 11 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. 11-ൽ ആറ് തവണ ബ്രസീലിനൊപ്പമായിരുന്നു വിജയം. രണ്ട് തവണ ബ്രസീൽ തോറ്റപ്പോൾ മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. എന്നാൽ, ഇതുവരെ അർജന്റീനയ്ക്കെതിരെ മൂന്ന് തവണ മാത്രമാണ് ബ്രസീൽ താരത്തിന് ഗോൾ നേടാനായത്. 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ 2016ൽ ബ്രസീൽ 3-0ക്ക് ജയിച്ച മത്സരത്തിലാണ്, നെയ്മർ അവസാനമായി അർജന്റീനിയൻ വല കുലുക്കിയത്.
മെസ്സിയുടെ മറ്റു എതിരാളികൾക്കെതിരെയുള്ള പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ, ബ്രസീലിനെതിരെ താരതമ്യേന കുറഞ്ഞ റെക്കോർഡാണ് അദ്ദേഹത്തിന് ഉള്ളത്. മെസ്സി തന്റെ കരിയറിൽ 13 തവണ ബ്രസിലിനെ നേരിട്ടുണ്ട്. അതിൽ 6 കളികൾ അർജന്റീന വിജയിച്ചപ്പോൾ, 6 കളികളിൽ പരാജയപ്പെടുകയും ഒരു കളി സമനിലയിലും അവസാനിച്ചു. 2006ൽ ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിലാണ് മെസ്സി ആദ്യമായി ബ്രസീലിനെതിരെ കളിക്കുന്നത്. ഇതുവരെ ബ്രസീലിനെതിരെ 13 തവണ കളിച്ച മെസ്സി 5 ഗോളുകൾ നേടിയിട്ടുണ്ട്.